ഇൻഡ്യ

ഡല്‍ഹിയടക്കം കുലുങ്ങി; ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം നേപ്പാള്‍ ആറ് പേര്‍ മരിച്ചു. 6.3 തീവ്രത രേഖപ്പെടുത്തി

നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായത്. ദോതി ജില്ലയില്‍ വീട് തകര്‍ന്ന് വീണാണ് ആറ് പേര്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പുലര്‍ച്ചെ രണ്ടോടെയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങള്‍ പരിഭ്രാന്തരായി. നേപ്പാളില്‍ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 9.07 നും 9.56 നും രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ആദ്യത്തേത് 5.7 ഉം രണ്ടാമത്തേത് 4.1 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു..

ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുപിയിലെ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്തിരുന്നവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഓഫീസില്‍ അലാം മുഴങ്ങിയതോടെ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയെന്നും 10 മിനിട്ടിന് ശേഷമാണ് വീണ്ടും ഓഫീസില്‍ പ്രവേശിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു.

2015ല്‍ നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 8,964 പേരാണ് കൊല്ലപ്പെട്ടത്. 22,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുന്നതിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു.

പാകിസ്താനിലെയും ബംഗ്ലാദേശിലെയും പല നഗരങ്ങളും അന്ന് കുലുങ്ങിയിരുന്നു. ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം 1934ലാണ് നേപ്പാളിനെ പിടിച്ചുലച്ചത്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിനെയടക്കം തകർത്തിരുന്നു