ഒന്നുമില്ലായ്മയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് ജീവിതം കരകയറി വന്നപ്പോഴാണ് മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനെ തേടി ആ ദുരന്തം എത്തുന്നത്. കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഏഴ് പല്ലുകള്‍ തകര്‍ന്നു. മുഖത്തെ അസ്ഥികള്‍ക്ക് ക്ഷതം സംഭവിച്ചു. മുഖത്തും മൂക്കിലും ശസ്ത്രക്രിയ ആവശ്യമാണ്. പ്രതീക്ഷയോടെയുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായ തിരിച്ചടി. എന്നാല്‍ തളരാതെ തോറ്റുകൊടുക്കാതെ പോരാടുകയാണ് ഈ അതുല്യ കലാകാരന്‍
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കയ്പമംഗലത്തെ കാർ അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന 3 പേരിൽ ഒരാളായ മഹേഷ് മുഖത്തും കയ്യിലും സാരമായ പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ 5ന് വടകരയിലെ പരിപാടി കഴിഞ്ഞ് സുധി, ബിനു അടിമാലി, ഉല്ലാസ് അരൂർ എന്നിവർക്കും ഒപ്പം കാറിൽ എറണാകുളത്തേക്കു മടങ്ങവെയായണ് അപകടം. പിന്‍ സീറ്റിലായിരുന്നു യാത്ര.
2 ആഴ്ച ആശുപത്രിവാസത്തിനു ശേഷം മഹേഷ് വീട്ടിലെത്തിയെങ്കിലും ഇനിയും ചികിത്സകൾ ബാക്കി. തകർന്ന 7 പല്ലുകൾ ശരിയാക്കണം. മൂക്കിലും മുഖത്തും ശസ്ത്രക്രിയകൾ വേണം. ഇരു കവിളുകളിലെയും അസ്ഥികൾ ചേരാൻ ഇട്ടിരിക്കുന്ന കമ്പികൾ നീക്കം ചെയ്യണം.
കൂലിപ്പണിക്കാരനായ അച്ഛൻ കുഞ്ഞുമോനും അമ്മ തങ്കമ്മയും സഹോദരൻ അജേഷും ഉൾപ്പെടുന്ന കുടുംബത്തിന്റെ അത്താണി ആയിരുന്നു മഹേഷ്. മഹേഷിന്‍റെ ചികിത്സയ്ക്കുള്ള എല്ലാ സഹായവും കഴിഞ്ഞ ദിവസം വീടു സന്ദർശിച്ച കെ.ബി. ഗണേഷ്കുമാർ എംഎൽഎ വാഗ്ദാനം ചെയ്തിരുന്നു. സ്വന്തം ജ്യേഷ്ഠനെ പോലെ കാണണമെന്നാണ് എംഎല്‍എ മഹോഷിനോട് പറഞ്ഞത്.