പ്രാദേശികം

ഈരാറ്റുപേട്ട ഗവൺമെന്റ് ഹോസ്പിറ്റലിന് എക്സ്-റേ മെഷീൻ ലഭിച്ചു. പ്രവർത്തനം അടുത്ത മാസം അവസാനം ആരംഭിക്കും.

ഈരാറ്റുപേട്ട . ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിലേക്ക് 60 ലക്ഷം രൂപയുടെ എക്സ് റേ മെഷീൻ ലഭ്യമായി. സേവന മേഖലയിൽ പ്രവർത്തിക്കുന്ന ജീവ കാരുണ്യ സംഘടനയായ ഡോക്ടേർഴ്സ് ഫോർ യു എന്ന സംഘടനയാണ് സൗജന്യമായാണ് മെഷീൻ നൽകിയിരിക്കുന്നത്. സർക്കാർ ഫണ്ടിന് പുറമേ ആശുപത്രിക്ക് കൂടുതൽ ഫണ്ട് ലഭ്യമാക്കണം എന്ന അന്വേഷണത്തിൽ നിന്നാണ് ഡോക്ടേർഴ്സ് ഫോർ യു  എന്ന സംഘടനയുമായി ബന്ധപ്പെടാൻ സാധിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ വാർത്താ സമ്മേളത്തിൽ പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

 തുടർന്നും ആവശ്യമായ ഉപകരണങ്ങളും സേവനങ്ങളും നൽകാമെന്ന് ഡോക്ടേഴ്സ് ഫോർ യു ഭാരവാഹികൾ ഉറപ്പു നൽകിയിട്ടുണ്ടെന്നും  ചെയർപേഴ്സൺ പറഞ്ഞു. ഡോക്ടേഴ്സ് ഫോർ യു സ്റ്റേറ്റ് കോർഡിനേറ്റർ അബ്ദുള്ള ആസാദ്‌, കോർഡിനേറ്റർ സിറാജ് ഇബ്രാഹിം എന്നിവർ ചേർന്നാണ് എക്സ്റേ യൂണിറ്റ് സാധന, സാമഗ്രികൾ നഗരസഭക്ക് കൈമാറിയത്. അതേസമയം ഹോസ്പിറ്റലിൽ നിലവിൽ എക്സറേ യൂണിറ്റ് പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എക്സ്-റേ മെഷീൻ ഘടിപ്പിക്കുന്നതിനുള്ള റൂമിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.