പൂനെ: ഇന്ത്യയില്‍ ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം ബിക്യു.1 ന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനെയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാംപിളാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഗുജറാത്ത് ബയോടെക്‌നോളജി അടുത്തിടെ മറ്റൊരു വകഭേദമായ ബിഎഫ് 7 കണ്ടെത്തിയതിന് പിന്നാലെയാണ് ബിക്യു.1 ഉം കണ്ടെത്തിയത്. ബിക്യു.1, ബിഎഫ്.7 എന്നീ ഉപ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചാശേഷിയുള്ള മ്യൂട്ടേഷനുകളാണ്. ഈ മ്യൂട്ടേഷനുകള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതും വാക്‌സിന്‍ വഴി ആര്‍ജിച്ച പ്രതിരോധ കവചത്തെ എളുപ്പത്തില്‍ ഭേദിക്കുന്നതുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
നിലവില്‍ അമേരിക്കയില്‍ ഒമിക്രോണിന്റെ മറ്റൊരു വകഭേദം ബിഎ.5 പടരുന്നതായാണ് റിപോര്‍ട്ട്. ഉല്‍സവ സീസണിന് മുന്നോടിയായി മറ്റൊരു തരംഗത്തിലേക്ക് പോവാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം, അമേരിക്കയില്‍ 10 കേസുകളില്‍ ഒന്ന് എന്ന വിധത്തില്‍ ബിക്യു.1 വ്യാപിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസറും മികച്ച പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. ആന്റണി ഫൗസി ഈ പുതിയ ബിക്യു ആവിര്‍ഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.
ഇംഗ്ലണ്ട് മുതല്‍ ജര്‍മനി വരെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ തരംഗങ്ങള്‍ ആരംഭിച്ചതായാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ യുഎസില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്ന അണുബാധകളില്‍ 5.7 ശതമാനം ബിക്യു.1, ബിക്യു.1.1 എന്നീ വകഭേദങ്ങളാണെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിര്‍ണായകമായ വാദങ്ങള്‍ ഉന്നയിക്കുന്നതിന് കൊവിഡിന്റെ പുതിയ മ്യൂട്ടേഷനൊന്നും ശക്തിപ്രാപിച്ചിട്ടില്ലെങ്കിലും ബിക്യു.1 മറ്റ് രാജ്യങ്ങളില്‍ വാക്‌സിന്‍ പ്രതിരോധശേഷിയെ മറികടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അതിനാല്‍, ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.