ജനറൽ

ക്യാൻസറിനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ; മാറ്റാം അനാരോഗ്യമായ ജീവിത ശൈലി

പലപ്പോഴും ക്യാൻസര്‍ വരാനുള്ള സാധ്യത കൂട്ടുന്നത് അനാരോഗ്യകരമായ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം തുടങ്ങിയ ദുഃശീലങ്ങൾ ആണ്. ഇക്കൂട്ടത്തിൽ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം ക്യാൻസർ രോഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു.

ക്യാന്‍സര്‍ സാധ്യത കൂടാനുള്ള ഭക്ഷ്യ വസ്തുക്കളിൽ പ്രധാനിയാണ് സംസ്കരിച്ച മാംസം. അതുകൊണ്ടു തന്നെ ചുവന്നതും സംസ്കരിച്ചതുമായ സോസേജുകൾ പോലുള്ളവയുടെ അമിത ഉപയോഗം  കുറയ്ക്കുക. മാംസാഹാരികളുടെ പ്രിയപ്പെട്ട ബീഫും മട്ടനും എന്നീ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ക്യാന്‍സറിനുള്ള സാധ്യത കൂട്ടും.പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കണം.

അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടും. അമിത വണ്ണത്തിനും പഞ്ചസാര കാരണമാകും.അമിത മദ്യപാനമുള്ളവരിലും ക്യാന്‍സര്‍ സാധ്യത കൂടുതലായി  കാണാറുണ്ട്. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ കുടിക്കുന്നതും ക്യാന്‍സര്‍ സാധ്യത കൂട്ടും.

പതിവായി ജങ്ക് ഫുഡ് കഴിക്കുന്നത്, ഉപ്പിലിട്ട ഭക്ഷണങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും ഇതിന്റെ സാദ്യത വർധിപ്പിക്കും. ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണം ക്യാന്‍സര്‍ സാധ്യത കൂട്ടുന്നതാണ്. ഇവ കഴിക്കുന്നതും കുറയ്ക്കണം.