ഈരാറ്റുപേട്ട .മൂന്നിലവ് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചിട്ടെന്ന പരാതിയിൽ വഴിത്തിരിവ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറ്റംകുഴിച്ചു നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ വ്യാഴാഴ്ച കണ്ടെത്തി. അഞ്ചു ചാക്കോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. മാലിന്യങ്ങൾ നരിമറ്റത്തുള്ള പ്ലാസ്റ്റിക് സമ്പൂർണ കേന്ദ്രത്തിലേക്ക് മാറ്റി. കളത്തൂകടവ് സ്വദേശിയായ ജോൺസൺ മാസങ്ങളായി പഞ്ചായത്തിലും അധികാരകേന്ദ്രങ്ങളിലും നടത്തിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് മാലിന്യം കുഴിച്ചിട്ടതായി കണ്ടെത്തുന്നത്.
ഈ വർഷം മാർച്ചിൽ ആണ് വിഷയങ്ങൾക്ക് അടിസ്ഥാനമായ സംഭവം ഉണ്ടാകുന്നത്. പതിനൊന്നാം വാർഡിലെ കുടുംബക്ഷേമ കേന്ദ്രത്തിന്റെ മുറ്റത്ത് തിരക്കിട്ട് ടൈൽ പണി നടത്തിയതിന് പിന്നാലെയാണ് ആരോപണം ഉയർന്നത്. കെട്ടിടത്തിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിയിലിട്ട് നികത്തിയ ശേഷമാണ് ആണ് ടൈൽ ഇട്ടത് എന്നായിരുന്നു ആരോപണം.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് മുന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം കുഴിയിൽ തള്ളിയത് ആരാണെന്ന് കണ്ടെത്തും. കുറ്റക്കാർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.