ജനറൽ

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ; ഭാവിയിൽ ഡിമെൻഷ്യ സാധ്യത കുറയ്ക്കാം

കാലക്രമേണ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ. ഇത് പിടിപെടുന്നത് ആളുകൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓർമ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാക്കുന്നു. ഒരാൾ പ്രായമാകുമ്പോൾ ഡിമെൻഷ്യ കൂടുതൽ സാധാരണമായിത്തീരുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ അവസ്ഥകളും വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമായേക്കാം.  

നല്ല പോഷകാഹാരം പരിശീലിക്കുന്നതും ധാരാളം ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതും പ്രായമാകുമ്പോൾ ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ‌ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. ' ഹൃദയത്തിന് നല്ല ഭക്ഷണക്രമം തലച്ചോറിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മികച്ചതാണ്. ഈ രോഗത്തിലേക്ക് നയിച്ചേക്കാവുന്ന ചില അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ ഭക്ഷണക്രമം സഹായിക്കുന്നു...' - കൺസൾട്ടിംഗ് ന്യൂട്രീഷനിസ്റ്റും ഡയറ്റീഷ്യനുമായ അസ്മ ആലം പറയുന്നു. ഡിമെൻഷ്യ സാധ്യത തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ബെറിപ്പഴങ്ങൾ...

റാസ്‌ബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, ചെറി എന്നിവയിലെല്ലാം ആന്തോസയാനിൻ എന്ന ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഇതിൽ ആന്റിഓക്‌സിഡന്റുകളും ധാരാളം വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

നട്സ്...

ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം, വിറ്റാമിൻ ഇ, ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നട്സ്.  ഡിമെൻഷ്യയുടെ ലക്ഷണങ്ങളെ തടയുന്നതിന് നട്സ് സഹായിക്കുന്നു. വാൾനട്ടിലെ ആന്റി-ഇൻഫ്ലമേറ്ററി ഫൈറ്റോകെമിക്കലുകൾക്ക് മസ്തിഷ്ക കോശങ്ങളുടെ വീക്കം കുറയ്ക്കാനും പ്രായമാകൽ പ്രക്രിയയിലുടനീളം മികച്ച മസ്തിഷ്ക ആരോഗ്യം നിലനിർത്താനും കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

ഫ്ളാക്സ് സീഡുകൾ...

ഫ്ളാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ, അതുപോലെ മത്തങ്ങ വിത്തുകൾ എന്നിവയിൽ ആന്റിഓക്‌സിഡന്റുകളും സിങ്ക്, ഒമേഗ-3, സിങ്ക്, കോളിൻ, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിശക്തി കുറയുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. 

ഒമേഗ -3 ഫാറ്റി ആസിഡുകൾ...

ഒലിവ് ഓയിൽ, ഫ്ളാക്സ് സീഡുകൾ, ട്യൂണ, സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ തലച്ചോറിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഡിഎച്ച്എ ഉള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ്. ഡിമെൻഷ്യയെ ചെറുക്കുന്നതിനും തടയുന്നതിനും ഒമേഗ-3 ഫലപ്രദമാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. നല്ല മസ്തിഷ്ക ആരോഗ്യം നേടുന്നതിന് പ്രതിദിനം 200 മില്ലിഗ്രാം ഡിഎച്ച്എ കഴിക്കാൻ ശുപാർശ ചെയ്യുന്നു.