ജനറൽ

അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം'; ആസിഫ് അലിയോട് മനസ് നിറഞ്ഞ സ്നേഹമെന്ന് മമ്മൂട്ടി

സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ ചര്‍ച്ച സൃഷ്ടിക്കുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെയും റിവെഞ്ച് ഡ്രാമയുടെയും ഹൊററിന്‍റെയുമൊക്കെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒരു ജോണര്‍ ബെന്‍ഡര്‍ ആണ്. ചിത്രം നേടിയ ആഗോള ഓപണിംഗ് മാത്രം 20 കോടി വരും.

ഇന്നലെ അബുദബിയില്‍ വച്ച് നടന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേസ് ആന്‍റണിയും അടക്കമുള്ളവര്‍ പങ്കെടുത്തു. ഇതിനെത്തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലെ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി നല്‍കിയ ചില മറുപടികള്‍ സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ സമയവും മുഖം മറച്ചാണ് ഈ കഥാപാത്രം സ്ക്രീനില്‍ എത്തുന്നത്. ആസിഫ് അലിയോട് കാണിച്ചത് അനീതിയല്ലേ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ..

"ആസിഫ് അലിയോട് നമുക്ക് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്നേഹമാണ് അവനോട്. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം, ശരീരത്തിന് അപ്പുറത്തേക്ക്. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം. അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം. ഒന്നുകൂടി..

മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകള്‍ കണ്ടാണ് ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് അറിയാതിരുന്നവര്‍ നടനെ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടന്‍ കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റെല്ലാ അഭിനേതാക്കള്‍ക്കും അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോ​ഗിക്കാനുള്ള അവസരമേ ഉണ്ടായിട്ടുള്ളൂ. ഒരു കൈയടി കൂടി", മമ്മൂട്ടി പറഞ്ഞു.