കോട്ടയം

വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണം-ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

കോട്ടയം: മതസ്‌പർധയും സാമൂഹിക സംഘർഷങ്ങളും സൃഷ്ട‌ിക്കും വിധം നിരന്തരമായി വിദ്വേഷ പ്രസ്‌താവനകൾ നടത്തുന്ന പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തരുതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ മൂസ മൗലവി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി ജോർജിനെതിരേ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിരിക്കെ നിരവധി പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആർജവം കാണിക്കണമെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.

 

സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതിൽ സർക്കാർ ഭരണഘടനാ ബാധ്യത നിറവേറ്റണം. എംഎൽഎമാർക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുന്ന ആഭ്യന്തര വകുപ്പ് ജോർജിനെ കാണാതെ പോകരുത്. സച്ചാർ കമ്മീഷൻ ശിപാർശയുടെയും പാലോളി കമ്മിറ്റിയുടെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മുസ്‌ലിംകൾ അനർഹമായി വാരിക്കൂട്ടുന്നുവെന്നു പ്രചാരണം നടന്നു. മദ്റസാ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്ന വ്യാജ പ്രചാരണങ്ങൾ നടന്നു. അവിടെയെല്ലാം യഥാസമയം സർക്കാർ പ്രതികരിക്കാതെ മൗനം പാലിച്ചു. പി.സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ പി.സി ജോർജ് വിഷയത്തിൽ സർക്കാർ അനാസ്ഥ വരുത്തരുതെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.