ദുബായ്: ചെറിയ പെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവയുൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലാണ് ഈദുൽ ഫിത്ർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. യുഎഇയും സൗദി അറേബ്യയും നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചപ്പോൾ ഖത്തർ 11 ദിവസത്തെ അവധിയാണ് നൽകുന്നത്. ഒമാനും കുവൈറ്റും അഞ്ച് ദിവസത്തെ അവധി നൽകും.
ഈദുൽ ഫിത്ർ ഈ മാസം 22ന് ആകാൻ സാധ്യതയെന്നാണ് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നത്. 20 ന് ഇസ്‌ലാമിക രാജ്യങ്ങൾ ചന്ദ്രക്കല നിരീക്ഷണം നടത്തും. ചന്ദ്രനെ കണ്ടതിന്റെ അടിസ്ഥാനത്തിൽ മാത്രമേ കൃത്യമായ തീയതി സ്ഥിരീകരിക്കുകയുള്ളൂ. 20ന് വൈകിട്ട് ശവ്വാൽ ചന്ദ്രക്കല നിരീക്ഷിക്കാനും കണ്ടാൽ അടുത്തുള്ള കോടതിയിലോ കോൺടാക്ട് സെന്ററിലോ റിപ്പോർട്ട് ചെയ്യാനും സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു.
പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങൾ ഒഴികെയുള്ള മിക്ക അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലും നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനിയിലൂടെയോ വ്യാഴാഴ്ച ചന്ദ്രക്കല കാണുന്നത് ഏതാണ്ട് അസാധ്യമാണെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു. ഈദുൽ ഫിത്ർ 22 ന് വരുമെന്ന് കേന്ദ്രം പ്രവചിക്കുന്നു. ഈ പ്രവചനങ്ങൾ ജ്യോതിശാസ്ത്ര വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മാസത്തിന്റെ ആരംഭത്തിനുള്ള മാനദണ്ഡങ്ങൾ ഇസ്‍ലാമിക ലോകത്തിലുടനീളം വ്യത്യസ്തമാണെന്നും കേന്ദ്രം വ്യക്തമാക്കി.