പ്രവാസം

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കൂടുന്നു; ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത വേണമെന്ന് വിദഗ്ധര്‍

തലക്ക് മീതെ സൂര്യന്‍ കത്തിക്കാളുകയാണ് ഗൾഫില്‍. താപനില അമ്പത് ഡിഗ്രിയിലേക്ക് ഉയരുന്ന ഉഷ്ണകാലം. കൊടും ചൂടിന്റെ ദോര്‍ അല്‍ അഷര്‍ കാലത്തിന് അറേബ്യൻ ഉപദ്വീപില്‍ തുടക്കമായി. ഇനിയുള്ള ദിവസങ്ങളില്‍ താപനിലയും അന്തരീക്ഷ ഊഷ്മാവും കുത്തനെ ഉയരും. അമ്പത് ഡിഗ്രിയോട് അടക്കുന്ന താപനിലയും തൊണ്ണൂറു ശതമാനത്തോളം ഉയരുന്ന അന്തരീക്ഷ ഊഷ്മാവും. കരുതലും ജാഗ്രതയും വേണ്ട ദിവസങ്ങളാണ് ഇത്.

മധ്യാഹ്ന വിശ്രമം നൽകിയാണ് ഗൾഫ് രാജ്യങ്ങൾ പുറംജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത്. യുഎഇയിലും സൗദിയിലും ഈ പതിനഞ്ചിന് തുടങ്ങിയ  മധ്യാഹ്ന വിശ്രമ നിയമം സെപ്റ്റംബർ പതിനഞ്ച് വരെ നീളും. ഒമാനിലും ഖത്തറിലും കുവൈത്തിലും ഈ മാസം ആദ്യം തന്നെ നിയമം പ്രാബല്യത്തിലായി. ബഹ്റൈനിൽ ജുലൈ ഒന്ന് മുതലാണ് മധ്യാഹ്ന വിശ്രമം നിർബന്ധമാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പുറംജോലികളിൽ നിന്ന് പൂർണായി വിട്ടുനിൽക്കാൻ തൊഴിലാളികൾക്ക് ആവില്ല. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ അത്യാവശ്യമാണ്. കൊടും ചൂടില്‍ ജോലി ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മധ്യാഹ്ന വിശ്രമം അനുവദിച്ച മൂന്നു മാസം തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യവും നിർജലീകരണം ഉണ്ടാകാതിരിക്കാൻ വേണ്ട സംവിധാനങ്ങളും തൊഴിലുടമകൾ നൽകണം. പ്രഥമ ശുശ്രൂഷ, എയർ കണ്ടീഷണറുകൾ, വേണ്ടത്ര തണുത്ത വെള്ളം എന്നിവയും ലഭ്യമാക്കണം. വറുത്തുതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി ജലാംശമുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് ഉത്തമം. ചൂടിനെ പ്രതിരോധിക്കുന്ന ജീവിതക്രമത്തിലേക്ക് മാറുകയെന്നതാണ് വേനലിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇടുന്ന വസ്ത്രം മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ ശ്രദ്ധവേണം.

വിവിധ തരത്തിലുള്ള അസുഖങ്ങളും പടര്‍ന്ന് പിടിക്കാൻ സാധ്യതയേറെയാണ് ഇക്കാലത്ത്. അതിനാല്‍ വ്യക്തിശുചിത്വം ഏറെ പ്രധാനമാണ്. കുട്ടികളുടെയും പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. ജൂൺ 21ന് ഔദ്യോഗികമായി ചൂട് കാലം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ വിലയിരുത്തൽ. ജൂലൈ തുടക്കം മുതൽ  ഓഗസ്റ്റ് 10 വരെയായിരിക്കും മേഖലയിൽ ഏറ്റവും അധികം ചൂട് അനുഭവപ്പെടുക. കൃത്യമായ മുൻകരുതലോടെ ജാഗ്രതയോടെ ഈ ചൂടുകാലത്തെ നേരിടാമെന്ന് ആരോഗ്യവിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു.