തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലക്കുള്ളിലെ ആഞ്ഞലി മരത്തിൻറെ ചില്ലയിലാണ് കുരങ്ങ് ഇപ്പോഴുള്ളത്. കുരങ്ങ് പിടികൂടി തിരികെ കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് മൃഗശാല അധികൃതർ.
ഇന്നലെ വൈകിട്ടോടെയാണ് ഹനുമാൻ കുരങ്ങ് തുറന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെ ചാടിപ്പോയത്. ജീവനക്കാർ കൂട് തുറക്കുന്നതിനിടെയാണ് മൂന്ന് വയസുള്ള പെൺ കുരങ്ങ് പുറത്തുചാടിയത്. വൈകിട്ടോടെ ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിൻ മുകളിൽ കുരങ്ങിനെ കണ്ടെത്തി. ഇവിടെ നിന്ന് കുരങ്ങ് മാറാതിരിക്കാൻ പുലർച്ചെ വരെ ജീവനക്കാർ കാവലിരുന്നു.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് സിംഹങ്ങളെയും ഹനുമാൻ കുരങ്ങിനെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. നാളെ മന്ത്രിയുടെ സാന്നിധ്യത്തിൽ തുറന്നകൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് കുരങ്ങ് ചാടിപ്പോയത്.