കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും അവസാനം കണ്ടിട്ടില്ല. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ഇപ്പോഴും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മിക്കയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയും ജനങ്ങള്‍ അവരുടെ സാധാരണജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തിരിക്കുന്നു.
ഒരുപക്ഷെ കൊവിഡ് ബാധിക്കപ്പെടുന്ന സമയത്തെക്കാള്‍ ഇന്ന് ഏവരും ഭയപ്പെടുന്നത് കൊവിഡിന് ശേഷം ദീര്‍ഘകാലത്തേക്ക് കാണുന്ന ആരോഗ്യപ്രശ്നങ്ങളെയാണ്. അടിസ്ഥാനപരമായി ഇതൊരു ശ്വാസകോശരോഗമായതിനാല്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്നത് ശ്വാസകോശമാണെന്ന് തന്നെ പറയാം.
കൊവിഡിന് ശേഷം കിതപ്പ്, ശ്വാസതടസം, നടക്കാനുള്ള ബുദ്ധിമുട്ട്, തളര്‍ച്ച എന്നിവ അനുഭവപ്പെടുന്നവരുണ്ട്. അതുപോലെ തന്നെ വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും നേരിടുന്നവരുണ്ട്. ഇതെല്ലാം കൊവിഡ് ശ്വാസകോശത്തെ ബാധിക്കുന്നതിന്‍റെ ഭാഗമായാണ് സംഭവിക്കുന്നത്. അതിനാല്‍ തന്നെ കൊവിഡിന് ശേഷം ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് നാം ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്.
മരുന്നിനും ചികിത്സയ്ക്കുമൊപ്പം തന്നെ ജീവിതീതികളില്‍ ചിലത് ചെയ്യാൻ സാധിച്ചാല്‍ ഒരു പരിധി വരെ ശ്വാസകോശത്തിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കും. അത്തരത്തില്‍ കൊവിഡിന് ശേഷം ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്താൻ നിങ്ങള്‍ ചെയ്യേണ്ട നാല് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഏത് വിധേനയും ഈ ശീലത്തില്‍ നിന്ന് മോചനം നേടുകയെന്നതാണ്. പുകവലി തീര്‍ത്തും ഉപേക്ഷിക്കണം. കാരണം പുകവലി ശ്വാസകോശത്തിലെ പ്രതിരോധ കോശങ്ങളെ കാര്യമായി അപകടത്തിലാക്കും. കൊവിഡ് ഏല്‍പിച്ച ആഘാതം കൂടിയാകുമ്പോള്‍ ഇതിന്‍റെ പരിണിതഫലങ്ങള്‍ ഇരട്ടിക്കാൻ സാധ്യതയുണ്ട്. ആരിലാണ് ഇതിന്‍റെ സങ്കീര്‍ണതകള്‍ ഉണ്ടാവുകയെന്നോ ആര്‍ക്കെല്ലാം ഇതില്‍ നിന്ന് രക്ഷ നേടാൻ സാധിക്കുമെന്നോ നമുക്ക് കൃത്യമായി പ്രവചിക്കാൻ സാധിക്കില്ല. അതിനാല്‍ തന്നെ റിസ്ക് ഒഴിവാക്കാനാണ് പുകവലി ഉപേക്ഷിക്കണമെന്ന് പറയുന്നത്.
രണ്ട്...
മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ പതിവ് മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക. വളരെ മിതമായ അളവില്‍ തെരഞ്ഞെടുത്ത അവസരങ്ങളില്‍ മാത്രം മദ്യപിക്കുന്നത് കൊണ്ട് പ്രശ്നങ്ങളില്ല. അല്ലെങ്കില്‍ കൊവിഡ് സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളെ വര്‍ധിപ്പിക്കാൻ ഇത് കാരണമാകും. ശ്വാസകോശം മാത്രമല്ല ആകെ ആരോഗ്യവും- മാനസികാരോഗ്യവും വരെ ഇതിനാല്‍ ബാധിക്കപ്പെടാം.
മൂന്ന്...
കൊവിഡിന് ശേഷം ഭക്ഷണകാര്യങ്ങളില്‍ ബോധപൂര്‍വമായി ശ്രദ്ധ വയ്ക്കണം. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണം എത്തണം. ശ്വാസകോശാരോഗ്യത്തിനും ഇത് പ്രധാനമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, നട്ട്സ്, ധാന്യങ്ങള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം ബാലൻസ് ചെയ്ത് ഡയറ്റിലുള്‍പ്പെടുത്തുക. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണം കൂടുതലായി കഴിക്കുക. വൈറ്റമിനുകളും അവശ്യം വേണ്ടുന്ന ധാതുക്കളുമെല്ലാം ഭക്ഷണത്തിലൂടെ ഉറപ്പാക്കുക. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഇക്കൂട്ടത്തില്‍ ഉറപ്പാക്കുക.
നാല്...
കൊവിഡിന് ശേഷം ആരോഗ്യത്തിനേല്‍ക്കുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാൻ വ്യായാമം പതിവാക്കാം. ഓരോരുത്തരും അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള വ്യായാമമാണ് ചെയ്യേമണ്ടത്. ഇതിന് പരിശീലകരുടെ ഉപദേശം തേടുക. അതുപോലെ കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് പെട്ടെന്ന് കൊവിഡിന് ശേഷം കടക്കാതിരിക്കാൻ പ്രത്യേകം ഓര്‍ക്കുക. സാമാന്യം ഒരാള്‍ക്ക് ആവശ്യമായി വരുന്നത്ര കായികാധ്വാനമാണ് ദിവസവും നിങ്ങള്‍ ഉറപ്പാക്കേണ്ടത്. അത് നടത്തം, നീന്തല്‍, ഓടല്‍ എന്നിങ്ങനെ ഏത് തരവുമാകാം.