പ്രവാസം

മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍; തയ്യാറെടുപ്പുമായി സൗദി

റിയാദ്: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. അധികം വൈകാതെ രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് സൗദി റെയില്‍വേ അറിയിച്ചു.

രാജ്യത്തിൻ്റെ പൊതുഗതാഗത മേഖലയില്‍ ശ്രദ്ധേയമായ ചുവടുവയ്പായാണ് ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി വിലയിരുത്തപ്പെടുന്നത്. ഫ്രെഞ്ച് ട്രെയിന്‍ ഗതാഗത കമ്പനിയായ അല്‍സ്റ്റോമുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച ധാരണ പത്രത്തില്‍ സൗദി ദേശീയ റെയില്‍വെ കമ്പനി ഒപ്പുവച്ചിരുന്നെങ്കിലും അതിന്റെ തുടര്‍ നടപടികള്‍ക്ക് ഇപ്പോഴാണ് തുടക്കം കുറിച്ചിരിക്കുന്നത്.

അധികം വൈകാതെ കാര്‍ബണ്‍ ട്രെയിനുകള്‍ ട്രാക്കിലാക്കാനുള്ള ശ്രമത്തിലാണ് സൗദി ഭരണകൂടം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ അവതരിപ്പിക്കുന്ന രാജ്യമായി സൗദി അറേബ്യ മാറും. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സൗദി വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തിയാണ് ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യം അടുത്തിടെ ആവിഷ്‌ക്കരിച്ച ഗ്രീന്‍ ഇനിഷ്യേറ്റീവ് പദ്ധതി ശുദ്ധമായ ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ലക്ഷ്യമിടുന്നു.