കേരളം

ഐ ലവ് യു ചാണ്ടി അപ്പച്ചാ’; സ്നേഹക്കുറിപ്പുമായി പെൺകുട്ടി

പുതുപ്പള്ളി: പ്രായഭേദമന്യേ ആൾക്കൂട്ടത്തെ നെഞ്ചിലേറ്റിയ നേതാവ്, അതായിരുന്നു പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്. അതിന്റെ നിരവധി ഉദാഹരണങ്ങളാണ് തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളി വരെയുള്ള ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിലുടനീളം കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ശവമഞ്ചത്തിന് മുകളിൽ ചേർത്തുവച്ച ഒരു പോസ്റ്റർ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ‘ഐ ലവ് യു ചാണ്ടി അപ്പച്ചാ’ എന്നെഴുതിയ പോസ്റ്റർ ജൊഹാന ജസ്റ്റിൻ എന്ന വിദ്യാർത്ഥിനിയുടേതാണ്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവുമായുള്ള വാഹനം കടന്നുപോയപ്പോൾ വഴിയരികിൽ പോസ്റ്ററുമേന്തി നിൽക്കുകയായിരുന്നു പെൺകുട്ടി. മണിക്കൂറുകളോളമാണ് സ്വന്തം കൈപ്പടയിലെഴുതിയ പോസ്റ്റർ ഹൃദയത്തോട് ചേർത്ത്‌ അവൾ കാത്തുനിന്നത്. മകൻ ചാണ്ടി ഉമ്മൻ ആ പോസ്റ്റർ വാങ്ങി ശവമഞ്ചത്തിന് മുകളിൽ വയ്ക്കുകയായിരുന്നു. വിലാപയാത്ര അടൂരിലെത്തിയപ്പോഴായിരുന്നു ഈ കാഴ്ച.