ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ്. ഹിറ്റ് 96.7 എഫ്എമ്മിലേക്ക് ഇന്ന് ഞാന്‍ തിരിച്ചെത്തി ജോലി ആരംഭിച്ചുവെന്നും 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ എന്നും മിഥുന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു.
പക്ഷേ ഇത് സാധ്യമായത് നിങ്ങളുടെയെല്ലാം പ്രാര്‍ഥനയും ആശംസകളും മെസേജുകളും ഒക്കെ കൊണ്ടാണ്. എന്റെ ഹൃദയം നിറഞ്ഞ നന്ദി, മിഥുന്‍ രമേശ് ഫേസ്ബുക്ക് സ്റ്റോറിയായി വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
തനിക്ക് ബെല്‍സ് പാള്‍സി രോഗം ബാധിച്ചുവെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നും അടുത്തിടെയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ് വെളിപ്പെടുത്തിയത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടിപ്പോയെന്നും ഒരു വശംകൊണ്ട് മാത്രമേ ചിരിക്കാന്‍ കഴിയുന്നുള്ളൂ എന്നും വീഡിയോയില്‍ മിഥുന്‍ പറഞ്ഞിരുന്നു.
മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാവുന്ന തളര്‍ച്ചയാണ് ബെല്‍സ് പാള്‍സി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യല്‍ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യല്‍ നെര്‍വുകള്‍ ആണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി.