ഈരാറ്റുപേട്ട: സ്നേഹവും സൗഹൃദവും ഊട്ടി ഉറപ്പിച്ച് മുഹമ്മദ് നബിയുടെ ജൻമ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തി. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ മദ്രസകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ 8 മണിക്ക് നബിദിന സന്ദേശ റാലി നടത്തി. പുതുപ്പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി കോസ് വേ വഴി ചേന്നാടു കവല ചുറ്റി സെൻട്രൽ ജംഗ്ഷൻ വഴി കടുവാമുഴി ബസ്റ്റാന്റിൽ സമാപിച്ചു. വിവിധ പള്ളികളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
വൈകുന്നേരം 5 മണിക്ക് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ നേതൃത്വത്തിൽ മുതിർന്നവരുടെ നബിദിന സന്ദേശ റാലി നടത്തി.കടുവാമുഴി മസ്ജിദ് നൂർ അംഗണത്തിൽ നിന്നും ആരംഭിച്ച് തെക്കേക്കര ചുറ്റി നൈനാർ പള്ളിയിൽ സമാപിച്ചു.
തുടർന്ന് സാംസ്കാരിക സമ്മേളനം നടത്തി. ആരായിരുന്നു പ്രവചകൻ എന്ന് തല കെട്ടിൽ ഒടിയപാറ അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് നൗഫൽ ബാഖവി,സെക്രട്ടറി അർഷദ് ബദരി, ട്രഷറർ അനസ് മന്നാനി, സുബൈർ മൗലവി തുടങ്ങിയ മേഖലയിലെ മുഴുവൻ ഉസ്താദുമാരും പരിപാടിക്ക് നേതൃത്വം നൽകി.