ഇൻഡ്യ

ഉത്തരേന്ത്യയില്‍ മഴയ്ക്ക് ശമനമില്ല; വ്യാപക നാശ നഷ്ടം, നദികള്‍ കരകവിഞ്ഞൊഴുകുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. കനത്ത മഴയെ തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാണയിലും ഡല്‍ഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അപകടനിലയും പിന്നിട്ടാണ് യമുനയിലെ നീരൊഴുക്ക്.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ എല്ലാ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. നഴ്‌സറി ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഡല്‍ഹി വിദ്യാഭ്യാസവകുപ്പ് ചൊവ്വാഴ്ച അവധി നല്‍കി.

ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും മഴ അതിശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച ദേശീയപാത-44 ലൂടെയുള്ള ഗതാഗതം നിരോധിച്ചു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വാഹനങ്ങള്‍ മുഗള്‍ റോഡ് വഴി പോകണമെന്ന് ജമ്മു കശ്മീര്‍ പോലീസ് നിര്‍ദേശിച്ചു.

ഹിമാചല്‍ പ്രദേശില്‍ ബ്യാസ് നദി കരകവിഞ്ഞൊഴുകുകയാണ്. നദിയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചതായി പോലീസ് സൂപ്രണ്ട് മണ്ഡി സൗമ്യ സാംബശിവന്‍ അറിയിച്ചു. സാഹചര്യം ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നും അതിനാല്‍ത്തന്നെ അപകടമരണങ്ങള്‍ കുറയ്ക്കാനായെന്നും അവര്‍ പ്രതികരിച്ചു.

പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെടുകയും എല്ലാവിധ സഹായവും ഉറപ്പു നല്‍കുകയും ചെയ്തു.