ആരാധനകൾക്കായി എത്തുന്നവർക്കും സന്ദർശകർക്കും ആവശ്യമായ സേവനങ്ങൾ നൽകുകയും കർമങ്ങൾ സുഗമമായി നിർവഹിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.
റിയാദ്: റമദാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ ഒരു കോടിയിലധികം വിശ്വാസികൾ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ചതായി മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി അറിയിച്ചു. ആരാധനകൾക്കായി എത്തുന്നവർക്കും സന്ദർശകർക്കും ആവശ്യമായ സേവനങ്ങൾ നൽകുകയും കർമങ്ങൾ സുഗമമായി നിർവഹിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.
മസ്ജിദിന് ഉൾവശവും മുറ്റവും ശുചീകരണ മേഖലയും അണുവിമുക്തമാക്കുന്ന പ്രക്രിയ മുടങ്ങാതെ നടക്കുന്നു. ലോക മുസ്‌ലിംകൾക്ക് ഉംറയുമായി ബന്ധപ്പെട്ട കർമങ്ങളും രണ്ട് വിശുദ്ധ മസ്ജിദുകളിലെ നമസ്‌കാരവും നിർവഹിക്കാനുതകുന്ന മികച്ച സാഹചര്യങ്ങൾ ഉറപ്പാക്കാൻ സഹായിക്കുന്നതിനും അതുമായി ബന്ധപ്പെട്ട പരിചരണത്തിനും സൗദി ഭരണ നേതൃത്വത്തിന് ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ - സുദൈസ് നന്ദി പറഞ്ഞു.
അതേസമയം റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിങ് ആരംഭിച്ചു. സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബുക്ക് ചെയ്യാൻ ‘നുസ്ക്’ അല്ലെങ്കിൽ ‘തവക്കൽന സർവിസസ്’ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കേണ്ടത്.
റമദാനായതോടെ ഉംറ ബുക്കിങ്ങിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കുറക്കാൻ ഘട്ടങ്ങളായാണ് പെർമിറ്റ് നൽകി കൊണ്ടിരിക്കുന്നത്. ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർ നിര്‍ബന്ധമായും പെർമിറ്റ് നേടണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാൾക്ക് ഒരു ഉംറക്ക് മാത്രമേ അനുമതിയുള്ളൂ. മറ്റുള്ളവർക്ക് ഉംറ കർമങ്ങൾ സമാധാനത്തോടെയും എളുപ്പത്തിലും നിർവഹിക്കുന്നതിന് അവസരം ലഭിക്കാനാണ് ഇത്.