ലോകം

കോവിഡ് കേസുകളിൽ വർധന ; വുഹാനില്‍ ഭാഗിക ലോക്ക്ഡൗണ്‍

കോവിഡ് കേസുകള്‍ ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ ഭാഗിക ലോക്ക്ഡൗണ്‍. പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ലോക്ക്ഡൗണ്‍ ഞായറാഴ്ച വരെ തുടരും. വുഹാനിലെ 13 നഗര ജില്ലകളില്‍ ഒന്നായ ഹന്യാങ്ങിലെ ജനങ്ങളോട് അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. പൊതുഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിനോദപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും വിലക്കുണ്ട്.

ചൊവ്വാഴ്ച വുഹാനില്‍ 18 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധര്‍. ശൈത്യകാലം വരുന്നതും കേസുകള്‍ കൂടാന്‍ കാരണമായേക്കും. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വ്യാപനം കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞതവണ ഒമിക്രോണ്‍ ആണ് വ്യാപനത്തിന് ഇടയാക്കിയത്.