കേരളം

ശിശുമരണനിരക്ക്‌ കുറവ് കേരളത്തിൽ ; നവജാത ശിശുമരണനിരക്ക്‌ ആയിരത്തിന്‌ 
 നാല്‌ മാത്രം

ന്യൂഡൽഹി
നവജാത ശിശുക്കളുടെയും അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുടെയും മരണനിരക്ക്‌ നിയന്ത്രിക്കുന്നതിൽ അഭിമാനകരമായ കുതിപ്പുമായി കേരളം. രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യ പുറത്തിറക്കിയ 2020ലെ റിപ്പോർട്ടുപ്രകാരം നവജാതശിശുക്കളിലെ മരണനിരക്ക്‌ കേരളത്തിൽ ആയിരത്തിന്‌ നാല്‌ മാത്രമായി കുറഞ്ഞു. 2019ലെ റിപ്പോർട്ടിൽ ഇത്‌ ആയിരത്തിന്‌ ആറ്‌ ആയിരുന്നു. അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്‌ കേരളത്തിൽ ആയിരത്തിന്‌ എട്ടാണ്‌. 2019ൽ ഇത്‌  ആയിരത്തിന്‌ ഒമ്പത്‌ ആയിരുന്നു. രണ്ട് വിഭാ​ഗത്തിലും മരണനിരക്ക് നിയന്ത്രിക്കുന്നതില്‍ കേരളമാണ് രാജ്യത്ത് ഇപ്പോള്‍ മുന്നില്‍.

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030നകം നവജാത ശിശുമരണനിരക്ക്‌ ആയിരത്തിന്‌ പന്ത്രണ്ടിൽ താഴെയായി കുറയ്‌ക്കണമെന്ന്‌ വിഭാവനം ചെയ്‌തിരുന്നു. കേരളത്തിനു പുറമെ ഡൽഹി (ഒമ്പത്‌), തമിഴ്‌നാട്‌ (ഒമ്പത്‌), മഹാരാഷ്‌ട്ര (11), ജമ്മു- കശ്‌മീർ (12), പഞ്ചാബ്‌ (12) എന്നിവയാണ്‌ ഈ ലക്ഷ്യം കൈവരിച്ചത്‌. അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്‌ ആയിരത്തിന്‌ 25 ആയി കുറയ്‌ക്കണമെന്നാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. കേരളത്തിനു പിന്നാലെ തമിഴ്‌നാട്‌ (13), ഡൽഹി (14), ജമ്മു -കശ്‌മീർ (17), മഹാരാഷ്‌ട്ര (18), കർണാടകം (21), പഞ്ചാബ്‌ (22), ബംഗാൾ (22), തെലങ്കാന (23), ഗുജറാത്ത്‌ (24), ഹിമാചൽപ്രദേശ്‌ (24) എന്നിവ ഈ ലക്ഷ്യത്തിലെത്തി.  ഇവയുടെ അഖിലേന്ത്യ ശരാശരി 20ഉം 32ഉം ആണ്.