പ്രാദേശികം

ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ മുക്ത നഗരമാക്കാൻ നൂതന പദ്ധതികൾ : ചെയർപേഴ്സൺ.

ഈരാറ്റുപേട്ട : നഗരസഭ പരിധിയിലെ കക്കൂസ് മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്ന മൊബൈൽ പ്ലാന്റ്, സാനിറ്ററി നാപ്കിനുകളും ഡയപ്പർ മാലിന്യങ്ങളും സംസ്‌ക്കരിക്കുന്ന ഫർണസ് ഉൾപ്പടെ ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ മുക്ത നഗരമാക്കാൻ അതി നൂതന പദ്ധതികൾ തയ്യാറാക്കിയെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ. ഈരാറ്റുപേട്ട വ്യാപാരഭവൻ ഹാളിൽ വിളിച്ചു ചേർത്ത ഹരിത സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരണ പൊതുസഭ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചെയർപേഴ്സൺ. അടുത്ത വർഷത്തോടെ കേരളം സമ്പൂർണ മാലിന്യ വിമുക്തമാക്കാനുള്ള മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ഈരാറ്റുപേട്ടയും മാലിന്യ മുക്തമാകുന്നതിൽ സമ്പൂർണത നേടുകയാണ് ലക്ഷ്യമെന്ന് ചെയർപേഴ്സൺ പറഞ്ഞു. മുഴുവൻ വാർഡുകളിലെ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്കരണ ഉപാധികൾ നൽകും. തേവരുപാറയിലെ ലെഗസി മാലിന്യങ്ങൾ നീക്കും. മാലിന്യങ്ങൾ കുമിയുന്ന സ്ഥലങ്ങൾ ശുചീകരിച്ചിട്ടും മാലിന്യങ്ങൾ എത്തുന്ന പ്രവണത തടയാൻ സോളാർ പോർട്ടബിൾ സിസി ക്യാമറകൾ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. നഗരം സൗന്ദര്യവൽക്കരിക്കുന്നതിനും ശുചിത്വ പാലനം നിലനിർത്തുന്നതിനും പൂന്തോട്ടങ്ങളും മിനി പാർക്കുകളും നിർമിക്കും. അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സൂക്ഷിച്ചു കൈമാറാൻ രണ്ട് എംസിഎഫു കൾ നിർമിക്കും. ഇതിനായി സ്ഥലം വാങ്ങും. പേഴുംകാട് ആർആർഎഫ് കേന്ദ്രം പുനർ നിർമിച്ച് നവീകരിക്കും. എല്ലാ വാർഡുകളിലും മിനി എംസിഎഫു കൾ രണ്ടെണ്ണമാക്കി വർധിപ്പിക്കും. മിനി എംസിഎഫു കളിൽ നിന്ന് മാലിന്യങ്ങൾ കൊണ്ടുപോകാൻ പുതിയ ഒരു വാഹനം കൂടി വാങ്ങും. ഹരിത കർമ സേനയ്ക്ക് യൂസർ ഫീസ് നൽകുന്നതിൽ നിന്ന് അതി ദരിദ്രരെ ഒഴിവാക്കുമെന്ന് സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. ജനകീയ ഹരിത ഓഡിറ്റ് സമിതി അവതരിപ്പിച്ച റിപ്പോർട്ട് ഉൾപ്പെടുത്തിയാണ് ഈരാറ്റുപേട്ടയെ സമ്പൂർണ മാലിന്യ വിമുക്ത നഗരസഭയാക്കി അടുത്ത വർഷം പ്രഖ്യാപിക്കുന്നതിന് പദ്ധതികൾ ഒരുക്കിയിരിക്കുന്നതെന്ന് പൊതു സഭയിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് പറഞ്ഞു.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹല ഫിർദൗസ് മുഖ്യ പ്രഭാഷണം നടത്തി. ജനകീയ ഓഡിറ്റ് സമിതി ലീഡർമാരായ വി എം അഷറഫ്, വി എസ് സലീം, ജോഷി ജോസഫ് എന്നിവർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇവർക്ക് നഗരസഭയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ സുനിത ഇസ്മായിൽ, അൻസർ പുള്ളോലിൽ, കൗൺസിലർമാരായ എസ് കെ നൗഫൽ, അനസ് പാറയിൽ, നൗഫിയ ഇസ്മായിൽ, ലീന ജെയിംസ്, ഫാസില അബ്സാർ, സെക്രട്ടറി എസ് സുമയ്യ ബീവി, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൽ മുത്തലിബ് എന്നിവർ പ്രസംഗിച്ചു. ഓഡിറ്റ് ചർച്ചകൾക്ക് ഹരിത കേരളം റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ, സീനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂപ് ജി കൃഷ്ണൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ വി എച്ച് അനീസ, ലിനീഷ് രാജ്, ഇ പി സോണിമോൾ, ജെറാൾഡ് മൈക്കിൾ, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ജോസ് ജേക്കബ്, ജെഎച്ച്ഐ മെഹ്‌റൂഫ്, സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫ, ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. എം എൻ ശാലിനി, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ജോസഫ്, എസ്ഡബ്ല്യൂഎം എഞ്ചിനീയർ സിമി റോസ് ജോർജ്, എൻയുഎൽഎം സിറ്റി മാനേജർ കെ ജി മനു, കില ആർ പി ജോളി തോമസ്, ഷാനവാസ്‌, റഫീഖ് അമ്പഴത്തിനാൽ എന്നിവർ നേതൃത്വം നൽകി.