കേരളം

ഐഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ആപ്പിളിൻ്റെ വിവിധ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിൻ്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഐഫോൺ, ഐപാഡ്, വിഷൻ പ്രോ, മാക്ബുക്ക്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി എന്നിവയുടെ ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന ഒന്നിലധികം ഗുരുതരമായ തകരാറുകളാണ് സെർട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിവിധ ആപ്പിൾ സോഫ്‌റ്റ്‌വെയറുകളിലുള്ള തകരാറുകൾ മറികടക്കാൻ ആവശ്യമായ പരിഹാര നിർദേശങ്ങളും കേന്ദ്ര ഏജൻസി നൽകി.

ആപ്പിൾ ഉപകരണങ്ങളിലേക്ക് ആക്സസ് നേടാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും കഴിയുന്നതാണ് തകരാറുകൾ. തന്ത്രപ്രധാനമായ വിവരങ്ങള്‍ മനസിലാക്കാനും ഉപകരണത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനും ഹാക്കര്‍മാര്‍ക്ക് ഈ തകരാറുകള്‍ ഉപയോഗിക്കാനാകുമെന്ന് കേന്ദ്ര ഏജന്‍സി വ്യക്തമാക്കി.

ഉപകരണത്തിൽ നിന്നും വിവരങ്ങൾ ചോർത്താനും ഉപയോക്താവ് കബളിപ്പിക്കപ്പെടാനുമുള്ള സാധ്യതകളാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ആപ്പിൾ നൽകുന്ന എല്ലാ നിർദേശങ്ങളും കൃത്യമായി പരിശോധിക്കണമെന്നും അവ പാലിക്കണമെന്നും ഉപയോക്താക്കളോട് സിഇആർടി നിര്‍ദേശിച്ചു.

പരിചിതമല്ലാത്ത വെബ്സൈറ്റുകള്‍, ലിങ്കുകള്‍, ഫയലുകള്‍ എന്നിവ ആക്സസ് ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. ആപ്പിളിൻ്റെ എല്ലാ സുരക്ഷാ അപ്ഡേറ്റുകകളും കൃത്യസമയത്ത് പുതുക്കുകയും വേണം. ഡാറ്റാ ചോർച്ചയും മറ്റ് അപകടങ്ങളും ഒഴിവാക്കാന്‍ കമ്പനി ലിസ്റ്റുചെയ്തിരിക്കുന്ന ആവശ്യമായ സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റുകള്‍ മാത്രം ഉപയോഗിക്കണമെന്ന നിർദേശവും കേന്ദ്ര ഏജൻസികൾ നൽകുന്നു. അതേസമയം, ആപ്പിൾ കമ്പനി ഈ സുരക്ഷാ തകരാറുകൾ സംബന്ധിച്ച് സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിൽ ഐഫോണ്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സമാനമായ മുന്നറിയിപ്പ് സെർട്ട് നൽകിയിരുന്നു.

പുതിയ സുരക്ഷാവീഴ്ച ബാധിക്കുന്ന സോഫ്‌റ്റ്‌വെയറുകളും ആപ്പിൾ ഉൽപന്നങ്ങളും

17.6-ന് മുമ്പുള്ള Apple iOS പതിപ്പുകളും 17.6-ന് മുമ്പുള്ള iPadOS പതിപ്പുകളും

16.7.9-ന് മുമ്പുള്ള Apple iOS പതിപ്പുകളും 16.7.9-ന് മുമ്പുള്ള iPadOS പതിപ്പുകളും

14.6-ന് മുമ്പുള്ള Apple macOS Sonoma പതിപ്പുകൾ

13.6.8-ന് മുമ്പുള്ള Apple macOS Ventura പതിപ്പുകൾ

12.7.6-ന് മുമ്പുള്ള Apple macOS Monterey പതിപ്പുകൾ

10.6-ന് മുമ്പുള്ള Apple watchOS പതിപ്പുകൾ

17.6-ന് മുമ്പുള്ള Apple tvOS പതിപ്പുകൾ

1.3-ന് മുമ്പുള്ള Apple visionOS പതിപ്പുകൾ

17.6-ന് മുമ്പുള്ള ആപ്പിൾ സഫാരി പതിപ്പുകൾ