കോട്ടയം ; ജില്ലയിലെ കുട്ടിക്കലും, ഇടുക്കി ജില്ലയിലെ കൊക്കയാറിലും ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്നേക്ക് ഒരാണ്ട്. കൃഷിയിടവും, കിടപ്പാടവും ഉരുളെടുത്ത് കൊണ്ടുപോയപ്പോൾ മലയോര മേഖലയ്ക്ക് നഷ്ടമായത് 22 വിലപ്പെട്ട ജീവനുകളാണ്. ആ സങ്കട കണ്ണീരിനിടയിലും ജീവിതം തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിലാണ് മലയോര ജനത.
ദുരന്തം പെരുമഴയായി പെയ്തിറങ്ങിയപ്പോൾ കുട്ടിക്കൽ, കൊക്കയാർ ഉൾപ്പെടുന്ന മലയോര മേഖലയ്ക്ക് നഷ്ടമായത് ഉറ്റവരെയാണ്. കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി, കൊക്കയാർ പ്രദേശങ്ങളിലാണ് ഏറ്റവും വലിയ ഉരുൾ ഏറ്റവുമധികം നാശം വിതച്ചത്. കാവാലിയിൽ ഒറ്റലാങ്കൽ മാർട്ടിന്റെ 6 പേരടങ്ങുന്ന കുടുംബം ഒന്നാകെ മലവെള്ളത്തിൽ ഒലിച്ചുപോയി. ഇവരുടെ ജീവനും ജീവിതവും ഇല്ലാതായി
മണ്ണിടിഞ്ഞും ഒഴുക്കിൽപെട്ടും ഉറ്റവരെ നഷ്ട്ടപെട്ടവർ നിരവധിയാണ്. ആ ദുരന്തദിനത്തെ കണ്ണീരോടെ യാണ് ഈ മലയോരഗ്രാമം ഓർത്തെടുക്കുന്നത്.
പുല്ലകയാർ കരകവിഞ്ഞപ്പോൾ മുണ്ടക്കയവും കൂട്ടിക്കൽ മേഖലയിലെ നിരവധി വീടുകളാണ് വെള്ളത്തിനടിയിലായത്. പല വീടുകളും ഒലിച്ചുപോയി. ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് കൂട്ടിക്കൽ ഗ്രാമം. പാലങ്ങളും, റോഡുകളും അടക്കം പുനഃസ്ഥാപിച്ചു തുടങ്ങിയെങ്കിലും മലയോരമേഖലയുടെ നെഞ്ചിൽ ഇന്നും ആ ദുരന്തം ഒരു നീറ്റലാണ്.