ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായയെ കുറിച്ച് പൊലീസിന്റെ ഫേസ്ബുക്ക് പേജിലെ അറിയിപ്പും മാധ്യമങ്ങളിൽ വാർത്തയും വന്നതിന് പിന്നാലെ രണ്ട് ഡസനിലേറെ ആളുകളാണ് നായയുടെ ഉടമസ്ഥത അവകാശപ്പെട്ട് പൊലീസിനെ സമീപിച്ചത്
ചേര്‍പ്പുങ്കല്‍: കോട്ടയം പാലായിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയ നായയെ തേടി ഒടുവിൽ ഉടമയെത്തി. തിരിച്ചറിയൽ അടയാളങ്ങൾ എല്ലാം വ്യക്തമായതോടെ ചേർപ്പുങ്കൽ സ്വദേശി അരുണിന് പാലാ പൊലീസ് ബീഗിൾ ഇനത്തിൽപ്പെട്ട നായയെ കൈമാറി.
ഒടുവിൽ ബെല്ലയെ കൊണ്ടു പോകാൻ അരുൺ എത്തി. നാലു ദിവസമായി പൊലീസ് സ്റ്റേഷനിൽ സംരക്ഷിച്ചിരുന്ന നായയുടെ യഥാർത്ഥ ഉടമ എത്തിയതോടെ പാലായിലെ പൊലീസുകാർക്കും ആശ്വാസം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായയെ കുറിച്ച് പൊലീസിന്റെ ഫേസ്ബുക്ക് പേജിലെ അറിയിപ്പും മാധ്യമങ്ങളിൽ വാർത്തയും വന്നതിന് പിന്നാലെ രണ്ട് ഡസനിലേറെ ആളുകളാണ് നായയുടെ ഉടമസ്ഥത അവകാശപ്പെട്ട് പൊലീസിനെ സമീപിച്ചത്.
ഒടുവിൽ അവകാശ വാദങ്ങളിലെ നിജസ്ഥിതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ വച്ചുതന്നെ ഒരു അന്വേഷണം നടത്തേണ്ടി വന്നു പൊലീസിന്. അങ്ങനെയാണ് ചേർപ്പുങ്കൽ സ്വദേശിയായ അരുണിന്റെ നായയാണ് ഇതെന്ന് സ്ഥിരീകരിച്ചത്.
തൊട്ട് അയൽവക്കത്തെ മറ്റൊരു നായ ഏതാനും ദിവസങ്ങൾക്കു മുമ്പ് ബീഗിൾ ഇനത്തിൽപ്പെട്ട ബെല്ലയെ കടിച്ചിരുന്നു. ഇതിൻറെ മുറിവടക്കമുള്ള കൃത്യമായ അടയാളങ്ങളാണ് അരുണിന് വളർത്തുനായയെ തിരിച്ചു കിട്ടാൻ കാരണമായത്. എന്തെങ്കിലും കാരണത്താൽ നായ ഭയന്നു വീടു വിട്ടതാകാം എന്നാണ് സംശയം. എന്തായാലും യഥാർഥ ഉടമയ്ക്കു തന്നെ നായയെ കൈമാറാനായതിന്റെ സന്തോഷത്തിലാണ് പാലാ പൊലീസ്.
പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയ്ക്ക് പാലാ സ്റ്റേഷനിലെ പൊലീസുകാര്‍ താല്‍ക്കാലികമായി കുട്ടിമാളുവെന്ന് പേര്‍ നല്‍കിയിരുന്നു. വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ഇനത്തിലുള്ള നായകള്‍ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ്. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ തെരുവില്‍ നിന്ന് ലഭിച്ച നായയെ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് കൈമാറാനുള്ള നീക്കത്തിലായിരുന്നു പൊലീസുണ്ടായിരുന്നത്.