ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള ജനമൈത്രി പോലീസ് സ്കൂളിൽ അവതരിപ്പിച്ച ' ഉടൻ പ്രതികരിക്കൂ ഉറക്കെ പ്രതികരിക്കൂ - എന്ന നാടകം വിദ്യാർത്ഥികളിൽ ഏറെ കൗതുകമുണർത്തി. സ്ത്രീ സുരക്ഷ യ്ക്ക് വിഘാതം സൃഷ്ടിക്കുന്ന നിരവധി സാമൂഹിക വിഷയങ്ങളെ കോർത്തിണക്കി ക്കൊണ്ട് വളരെ ആകർഷകമായി സംവിധാനം ചെയ്ത മികച്ച കലാസൃഷ്ടി പോലീസ് കലാകാരൻമാർ അവരുടെ അഭിനയ മികവു കൊണ്ട് അവിസ്മരണീയമാക്കി.
സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ വളരെ ഫലപ്രദമായി അവതരിപ്പിച്ചു. അതിന് പോലീസ് സഹായം എങ്ങനെ ലഭ്യമാക്കാമെന്നും അതിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും നൽകിയത് ബോധവൽക്കരണത്തിന്റെ ഒരു പുതിയ തലമായി കാണികൾക്ക് അനുഭവപ്പെട്ടു. പ്രൊഫഷണൽ നാടകങ്ങളുടെ എല്ലാ സാങ്കേതിക മികവോടെ അവതരിപ്പിച്ച ഈ നാടകം ഇത്തരം നാടകങ്ങൾ നേരിട്ടു കാണാത്ത വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
പരിപാടി നഗരസഭാധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.പി. ലീന , ജനമൈത്രി പോലീസ് എസ്.ഐ ബിനോയ് തോമസ്, എ.ഡി.എൻ. ഒ മാത്യു പോൾ, അൻസാർ അലി എന്നിവർ സംസാരിച്ചു. ജനമൈത്രി ഡയറക്ടറേറ്റിലെ എസ്.ഐ നിസാറുദ്ദീൻ പദ്ധതി വിശദീകരിച്ചു. നാടകം അവലോകനം ചെയ്ത് മുഹമ്മദ് ലൈസൽ സംസാരിച്ചു. റമീസ് പി.എസ്. നന്ദി പറഞ്ഞു.