കോട്ടയം

പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

ഈരാറ്റുപേട്ട: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി.സി. ജോർജ്​ഈരാറ്റുപേട്ട കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മജിസ്ട്രേറ്റ്​കോടതിയിലായിരുന്നു അപേക്ഷ സമർപ്പിച്ചിരുന്നത്. വാദം കേട്ട ശേഷം വിധി പറയാൻ നാളേക്ക് മാറ്റുകയായിരുന്നു. ഇ.സി.ജിയിലെ വ്യതിയാനം, മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ചികിത്സ ഉൾപ്പെടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ്​ ജോർജ്​സമർപ്പിച്ചിരുന്നത്.

നിലവിൽ പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐ.സി.യുവിൽ തുടരുകയാണ്.തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയിൽ നാടകീയമായി കീഴടങ്ങിയ പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷ തള്ളി അദ്ദേഹത്തെ 14 ദിവസത്തേക്ക്​ കോടതി റിമാൻഡ്​ ചെയ്യുകയായിരുന്നു. ജോർജിനെ പൊലീസ്​ കസ്റ്റഡിയിൽ വിടരുതെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് കോടതികൾ നടത്തിയ പരാമർശങ്ങളും പി.സി. ജോർജിന്​എതിരാണ്.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയപരാതിയിലാണ് പൊലീസ് കേസെടുത്തത്.