പ്രാദേശികം

കാരക്കാട്, ഇളപ്പുങ്കൽ നിവാസികളുടെ പ്രതിഷേധ സംഗമം

ഈരാറ്റുപേട്ട : രണ്ടര വർഷം മുമ്പ് പ്രളയത്തിൽ തകർന്ന മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ-കാരയ്ക്കാട് പാലം ഗതാഗത യോഗ്യമായി പുനർ നിർമിക്കുന്നതിൽ അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരക്കാട് ജംഗ്ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അമാൻ മസ്ജിദ് ഇമാം ഹാഷിർ നദ് വി മുഖ്യപ്രഭാഷണം നടത്തി. വികസന വിവേചനത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടാകണമെന്നും നാടിന് ഉപകാരമില്ലാത്ത ജനപ്രതിനിധികളെ ജയിപ്പിച്ചുവിടുന്നതിനെക്കുറിച്ച് പുനർ ചിന്തനം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ കാലങ്ങളിൽ ഈരാറ്റുപേട്ടയോട് ചെയ്തുകൊണ്ടിരിക്കുന്ന ചിറ്റമ്മ നയത്തിന്റെ തുടർച്ചയാണ്

ഇളപ്പുങ്കൽ പാലത്തിന്റെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്, നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. ആനിയിളപ്പിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ടെക്‌നിക്കൽ സ്‌കൂളിന്റെ പുതിയ കെട്ടിടം മാത്രമാണ് കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ഈരാറ്റുപേട്ടയിൽ വന്ന വലിയൊരു പദ്ധതിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇളപ്പുങ്കൽ പാലം തകർന്ന പ്രളയത്തിൽ തകർന്ന മറ്റെല്ലാ പാലങ്ങളും പുനർ നിർമിച്ചുകഴിഞ്ഞെങ്കിലും ഈ പാലത്തിന്റെ കാര്യത്തിൽ മാത്രം അനങ്ങാപ്പാറ നയമാണ് അധികാരികൾ സ്വീകരിക്കുന്നത്.

വാഹന ഗതാഗത യോഗ്യമായ നിലയിൽ പാലം നിർമിക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിലുള്ള ഒരു തീരുമാനം ഉണ്ടാകാത്ത പക്ഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചിറങ്ങി ബോധവൽക്കരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് പാതിവഴിയിൽ അവസാനിപ്പിക്കാൻ തുടങ്ങിയ സമരമല്ലെന്നും പാലം യാഥാർഥ്യമാകുന്നതുവരെ തുടരുമെന്നും ഹാഷിർ നദ്‍വി പറഞ്ഞു. ആക്ഷൻ കമ്മറ്റി രക്ഷാധികാരി കെ.എ. മുഹമ്മദ് അഷ്‌റഫ് കാരക്കാട് അധ്യക്ഷത വഹിച്ചു. കൺവീനർ യൂസുഫ് ഹിബ സ്വഗതം പറഞ്ഞു. സെയ്തുകുട്ടി വെള്ളൂപ്പറമ്പിൽ, അബ്ദുൽ ഖാദർ കണ്ടത്തിൽ, റഷീദ്, സലീം, വാർഡ് മെമ്പർ സുനിൽ കുമാർ, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.