2016-ല്‍ റിയാദ് കേന്ദ്രീകരിച്ചു രൂപവത്കരിച്ച കെ.സി.എയില്‍ പ്രമുഖരായ 30 ഓളം ക്ലബ്ബുകള്‍ അംഗങ്ങളാണ്. നിരവധി ക്ലബ് ടൂര്‍ണമെന്റുകള്‍ക്ക് നേതൃത്വം നല്‍കിയ അനുഭവ സമ്പത്തുമായാണ് കെ.സി.എ ഇത്തവണ ഫ്രാഞ്ചൈസികളുടെ സഹായത്തോടെ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്.
റിയാദ്: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) റിയാദിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് നവംബര്‍ ആദ്യ വാരത്തില്‍ തുടക്കമാവും. റിയാദ് എക്‌സിറ്റ് 18-ലെ കെ.സി.എ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍. ഐ.പി.എല്‍ മാതൃകയില്‍ ക്രമീകരിച്ച മത്സരങ്ങളില്‍ എട്ട് ഫ്രാഞ്ചൈസികളാണ് ടീമുകളെ കളത്തിലിറക്കുന്നത്. ടെക്‌നോ മേക്ക് ഗ്രൂപ്പ് കമ്പനീസ്, ദി കാന്റീന്‍ ഇന്ത്യന്‍ റെസ്റ്റോറന്റ്, ഉലയ അസ്സോസിയേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കെ.സി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2016-ല്‍ റിയാദ് കേന്ദ്രീകരിച്ചു രൂപവത്കരിച്ച കെ.സി.എയില്‍ പ്രമുഖരായ 30 ഓളം ക്ലബ്ബുകള്‍ അംഗങ്ങളാണ്. നിരവധി ക്ലബ് ടൂര്‍ണമെന്റുകള്‍ക്ക് നേതൃത്വം നല്‍കിയ അനുഭവ സമ്പത്തുമായാണ് കെ.സി.എ ഇത്തവണ ഫ്രാഞ്ചൈസികളുടെ സഹായത്തോടെ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. വിവിധ ക്ലബ്ബുകളില്‍ സ്ഥിരമായി കളിക്കുന്നവര്‍ ഒരു ഫ്രാഞ്ചൈസിക്ക് കീഴില്‍ ഒരു ടൂര്‍ണമെന്റിന് മാത്രമായി ഒന്നിക്കുന്നത് പുതിയ അനുഭവമായിരിക്കും. ടെക്‌നോ മെയ്ക്, ഹെര്‍മോസ, ഷമാല്‍ ഡിജിറ്റല്‍സ്, എ.ആര്‍.എം ഗ്രൂപ്പ്, ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, കാപ്രികോണ്‍ ലോജിസ്റ്റിക്‌സ് ജിദ്ദ , ഗ്ലോബ് വിന്‍ ലോജിസ്റ്റിക്‌സ്, അല്‍-ഉഫുഖ് ട്രേഡിങ്സ് എന്നീ സ്ഥാപനങ്ങളാണ് പ്രീമിയര്‍ ലീഗിലെ എട്ടു ടീമുകളെ സ്വന്തമാക്കിയ ഫ്രാഞ്ചൈസികള്‍.
പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കളിക്കാര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 27ന് അവസാനിക്കും. സൗദിയില്‍ താമസിക്കുന്ന കേരളക്കാരായ കളിക്കാര്‍ക്കാണ് പ്രീമിയര്‍ ലീഗില്‍ ഫ്രാഞ്ചൈസികളുടെ ഭാഗമാവാന്‍ സാധിക്കുക. രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ കളിക്കാരെയും എ,ബി,സി കാറ്റഗറികളായി തിരിച്ചു ഫ്രാഞ്ചൈസികള്‍ക്ക് തെരഞ്ഞെടുക്കുന്നതിനായി പ്ലയേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
കളിക്കാരെ തെരഞ്ഞെടുക്കാനുള്ള ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ച തുകയില്‍നിന്ന് രജിസ്റ്റര്‍ ചെയ്ത കളിക്കാരെ തെരഞ്ഞെടുത്തു അവരുടെ ടീമിനെ രൂപവത്കരിക്കുന്ന രീതിയിലാണ് പ്രീമിയര്‍ ലീഗ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഫ്രാഞ്ചൈസികള്‍ക്കും ഒരു ഐക്കണ്‍ പ്ലയറേയും സി കാറ്റഗറിയിലുള്ള ഒരു ഓണര്‍ പ്ലെയറേയും നിശ്ചയിക്കാനുള്ള അനുവാദം ഉണ്ടാവും. ടീം സ്‌ക്വാഡിലേക്ക് ആവശ്യമായ ബാക്കിയുള്ള 13 കളിക്കാരെ ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാരില്‍നിന്ന് കണ്ടെത്തണം. ഒക്ടോബര്‍ അഞ്ചോടെ ടൂര്‍ണമെന്റ്ല്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളുടെ ടീം സ്‌ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫ്രാഞ്ചൈസികള്‍ക്കുള്ള ജേഴ്‌സിയുടെയും വിജയികള്‍ക്കുള്ള ട്രോഫികളുടെയും പ്രകാശനം, ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍ പ്രകാശനം എന്നിവ ഒക്ടോബര്‍ 21-ന് നടക്കും.
ടൂര്‍ണമെന്റ് വിജയികള്‍ക്ക് പഞ്ചാബില്‍നിന്ന് പ്രത്യേകം തയാര്‍ ചെയ്ത ക്രിക്കറ്റ് ലോകക്കപ്പ് മാതൃകയിലുള്ള ട്രോഫികളാണ് സമ്മാനിക്കുന്നത്. ജേതാക്കള്‍ക്ക് ട്രോഫിയും 3,333 റിയാലുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം 2,222 റിയാലും ട്രോഫിയുമാണ്. മത്സരങ്ങള്‍ നവംബര്‍ മാസത്തില്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ടെക്‌നോ മേയ്ക് മാനേജിങ് ഡയറക്ടര്‍ ഹബീബ് അബൂബക്കര്‍, കെ.സി.എ പ്രസിഡന്റ് ഷബിന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി എംപി. ഷഹ്ദാന്‍, ട്രഷറര്‍ സെല്‍വകുമാര്‍, ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ നജീം അയ്യൂബ്, സുബൈര്‍ കരോളം എന്നിവര്‍ പങ്കെടുത്തു.