കേരളം

*ഏപ്രിൽ 10 മുതൽ കെ - സ്മാർട്ടിലേക്ക് മാറാൻ കേരളം; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ എല്ലാം ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ

ചുരുങ്ങിയ അവധിക്കു നാട്ടിലെത്തി വിവാഹം കഴിച്ച് മടങ്ങുന്ന വധൂവരന്മാര്‍ക്ക് വിദേശത്തിരുന്നു തന്നെ വിഡിയോ കെവൈസി വഴി വിവാഹം റജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ എവിടെയെങ്കിലും നിങ്ങള്‍ സ്ഥലം വാങ്ങി കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ സ്ഥലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും.ആ സ്ഥലത്ത് കെട്ടിടം പണിയുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടോ ഏതെങ്കിലും പദ്ധതിക്കു വേണ്ടി ഏറ്റെടുത്തിട്ടുള്ള ഭൂമിയാണോ എന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും മറയില്ലാതെ സ്‌ക്രീനില്‍ തെളിയും. സര്‍ക്കാര്‍ തന്നെയാണ് അത്യാധുനികമായഈ സൗകര്യങ്ങള്‍ എല്ലാം കെ-സ്മാര്‍ട്ട് എന്ന ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നത്.

വിവിധ സേവനങ്ങള്‍ക്കായി ഇനി തദ്ദേശസ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട. സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്ന കെ-സ്മാര്‍ട് പദ്ധതി ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ലഭ്യമാകും.2024 ജനുവരി മുതല്‍ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ലഭ്യമായിരുന്ന കെ സ്മാര്‍ട്ട് ആണ് അത്യാധുനികമായ തരത്തില്‍ വിപുലീകരിച്ച് 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകള്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലഭ്യമാക്കുന്നത്.ജനന-മരണ-വിവാഹ റജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ ഒട്ടേറെ ആവശ്യങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കാതെ പൂര്‍ണമായി ഓണ്‍ലൈനായി നേടുന്നതിനായി ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് സര്‍ക്കാര്‍.

സിവില്‍ റജിസ്‌ട്രേഷന്‍ (ജനന -മരണ- വിവാഹ റജിസ്‌ട്രേഷന്‍), വസ്തു നികുതി, തൊഴില്‍ നികുതി, കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയില്‍ നിന്നുള്ള വാടക, ബിസിനസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍), ബില്‍ഡിങ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളാണ് കെ സ്മാര്‍ട്ട് വഴി ലഭ്യമാക്കുന്നത്. കെ സ്മാര്‍ട്ട് ആപ്പും, ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ നോ യുവര്‍ ലാന്‍ഡ് എന്ന ആപ്പും സജ്ജീകരിച്ചിട്ടുണ്ട്.