ഖോസ്ത 2 വൈറസിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കുമെന്ന കണ്ടെത്തലുമായി അമേരിക്കൻ ശാസ്ത്രജ്ഞർ. വവ്വാലിൽ നിന്ന് കണ്ടെത്തിയ വൈറസിനെതിരെ നിലവിലെ വാക്സിനുകൾ ഫലപ്രദമാകില്ലെന്നാണ് പഠനം. പിഎൽഒഎസ് എന്ന ജേണലിൽ നൽകിയ ഗവേഷണ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത് . വൈറസിനെ കണ്ടെത്തിയ സമയങ്ങളിൽ ഇത് മനുഷ്യ രാശിക്ക് വെല്ലുവിളി ഉയർത്തില്ല എന്ന പഠനത്തിലായിരുന്നു ശാസ്ത്രലോകം. എന്നാൽ അടുത്തിടെ നടന്ന പഠനങ്ങളിലാണ് ഇവ മനുഷ്യനിൽ പ്രവേശിക്കുമെന്ന് കണ്ടെത്തിയത്.കൊറോണ വാക്സീൻ എടുത്ത ആളുകൾക്കോ ,ഒമിക്രോൺ രോഗമുക്തി നേടിയവർക്കോ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കില്ല. അവയെപ്പോലെ മനുഷ്യ ശരീരത്തിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്താനും ഈ വൈറസിന് കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വവ്വാലുകൾക്ക് പുറമേ, ഈനാംപേച്ചികൾ, മരപ്പട്ടി, റാക്കൂൺ നായ്‌ക്കൾ എന്നിവയിലൂടെയും വൈറസ് പടരാൻ സാധ്യതയുള്ളതായി പഠനം പറയുന്നു.നിലവിൽ അപകടം കുറവാണെങ്കിലും സാഴ്‌സ് കോവ്2, ഖോസ്റ്റ -2 എന്നിവ യോജിച്ചാൽ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും ഗവേഷകർ വിലയിരുത്തുന്നു. ഖോസ്ത 2 ന്റെ കണ്ടെത്തൽ വൈറസുകൾക്കെതിരെ പ്രതിരോധിക്കാൻ വേണ്ട കുത്തിവയ്പ്പുകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തു കാട്ടുന്നു എന്നും അധികൃതർ പറയുന്നു.
ഏഷ്യൻ വവ്വാലുകളിൽ നിന്നും മുമ്പും പല തരം വൈറസുകളെ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയിൽ ചിലതിന് മനുഷ്യകോശങ്ങളെ ബാധിക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. ഖോസ്ത 2 ന്റെ കാര്യത്തിലും ശാസ്ത്ര ലോകം അങ്ങനെയാണ് കരുതിയിരുന്നത്. എന്നാൽ നിലവിൽ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ ശാസ്ത്ര ലോകത്തിൽ തന്നെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.