വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ ക്യാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ നിറമായിരിക്കും. ചിലപ്പോള്‍ ഇരുണ്ടും നിറമില്ലാതെയും കാണപ്പെടാറുണ്ട്.
നാവ്, ചുണ്ട്, വായിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക. സാധാരണ തുടക്കത്തില്‍ വേദനയുണ്ടാകില്ല(അര്‍ബുദം രൂക്ഷമാകുമ്പോള്‍ പിന്നീട് പുകച്ചിലും വേദനയും അനുഭവപ്പെടും). വലിപ്പത്തില്‍ വളരെ ചെറിയതായിരിക്കും. വായില്‍ അസാധാരണമായ രുചി, വായില്‍ കുരുക്കള്‍, വിഴുങ്ങാനുള്ള പ്രയാസം, നാവിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് രോഗവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മറ്റു ലക്ഷണങ്ങള്‍.
അര്‍ബുദം ചെറുതാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അര്‍ബുദം വലുതും കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ടെങ്കില്‍ റേഡിയേഷന്‍ തെറാപ്പിയും കീമോതെറാപ്പിയുമാണ് ചെയ്യാറുള്ളത്. അര്‍ബുദം വലുതായിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ അത്യാവശ്യമായിത്തീരും. ചലനം, ചവക്കല്‍, വിഴുങ്ങല്‍, സംസാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് സ്പീച്ച് തെറാപ്പി പോലുള്ള മറ്റു തുടര്‍ ചികില്‍സകള്‍ ആവശ്യമായി വരും.