കേരളം

വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം: കുട്ടികളടക്കം 9 പേര്‍ മരിച്ചു

പാലക്കാട് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. 

ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 43 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 45 പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്.

ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. നിരവധി പേര്‍ക്ക് ഗുരുതര പരുക്കുണ്ടെന്നാണ് വിവരം.

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് ടൂറിസ്റ്റ് ബസിലിടിച്ച് മറിയുകയായിരുന്നു. അമിത വേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ബസ് ചതുപ്പിലേക്ക് മറിഞ്ഞു. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.