പ്രവാസം

നാടിനെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത നീക്കങ്ങളെ ചെറുത്തു തോൽപിക്കും - മുഹമ്മദ് നദീർ മൗലവി

കുവൈത്ത് സിറ്റി: വർഗീയത വിതച്ചു വോട്ട് തട്ടാനുള്ള തത്പര കക്ഷികളുടെ കുൽസിത നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നു മുഹമ്മദ് നദീർ മൗലവി ആവശ്യപ്പെട്ടു. സംസ്ഥാനത്തു ഏറെ വിവാദമായ പൂഞ്ഞാർ വിഷയവും ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച പോലീസ് റിപ്പോർട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് കുവൈറ്റ് ഈരാറ്റുപേട്ട അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു കുവൈറ്റിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം. 

ഈരാറ്റുപേട്ടയുടെ പ്രവാസി ഘടകങ്ങൾ നാടിന്റെ വികാരത്തിനൊപ്പം നിലകൊള്ളുന്നത്  ശ്രദ്ധേയമാണെന്നും കൂട്ടായ്മയുടെ സേവനപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.  

അബുഹലീഫ വെൽഫെയർ ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പ്രസിഡന്റ് ഷാഹിദ് സി എ അധ്യക്ഷത വഹിച്ച യോഗത്തിന് മുഹമ്മദ് ഷിബിലി സ്വാഗതം പറഞ്ഞു. അയ്മൻ ജവാദ്, റബീഹ് അമീൻ എന്നിവർ ചേർന്ന് ഖിറാഅത് നടത്തി. സാറ ഷമീർ ഗാനം ആലപിച്ചു. പുതിയ പ്രവർത്തന വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തിൽ തെരഞ്ഞെടുത്തു. ഷമീർ മണക്കാട്ട് നന്ദി പറഞ്ഞു. തസ്‌ലിം, ജവാദ്, ഷാജി എന്നിവർ നേതൃത്വം നൽകി.