പ്രവാസം

കുവൈറ്റ് ഫാമിലി വിസ ഇനി ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് മാത്രം

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുകയാണ്. ഇതിന്റെ ഭാഗമായി ഫാമിലി വിസയ്ക്ക് അർഹരാകാൻ 800 കുവൈത്ത് ദിനാറിന് മുകളിൽ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്ന നിയമം ഉടൻ നിലവിൽ വരുമെന്ന് അറിയിച്ചിരിക്കുകയാണ്. അതായത് പ്രതിമാസം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ വരുമാനമായി ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ 500 ദിനാർ പ്രതിമാസ ശമ്പളമുള്ളവർക്ക് ഫാമിലി വിസ ലഭിക്കും. അതായത് ഇപ്പോൾ 1,29,254 ഇന്ത്യൻ രൂപ വരെ പ്രതിമാസ സംബാലം ഉള്ളവർക്ക് ഇപ്പോൾ കുവൈറ്റ് ഫാമിലി വിസ ലഭിക്കും.

കുവൈറ്റിൽ വിദേശികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ്  ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചത്. വിദേശികളുടെ എണ്ണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.  അതിനാൽ തന്നെ ഉത്തരവ് പുറത്തിറങ്ങുന്നത് മുതൽ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ  800 ദിനാറിന് മുകളിൽ പ്രതിമാസ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.

അതിനോടൊപ്പം തന്നെ ശമ്പളത്തിന് പുറമെ വേറെ ഏതെങ്കിലും അധിക വരുമാനം ഉണ്ടെങ്കിലും അത് ഫാമിലി വിസ അനുവദിക്കാനുള്ള മാനദണ്ഡത്തിൽ പരിഗണിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് ഫാമിലി വിസ ലഭിച്ചവർക്ക് ഭാര്യയെയും 16 വയസിന് താഴെയുള്ള മക്കളെയും കുവൈറ്റിലേക്ക് കൊണ്ട് വരാം. എന്നാൽ വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതോടെ  കുറഞ്ഞ ശമ്പളം ഉള്ളവർക്ക് ഫാമിലി വിസ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഈ വർഷം ജൂൺ മുതൽ  ആഭ്യന്തര മന്ത്രാലയം ഫാമിലി വിസ അനുവദിക്കുന്നത് അനിശ്ചിമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.