കൊച്ചി : ലുലു ഗ്രൂപ്പ് ക്രിസ്തുമസ് സമ്മാനമായി ആറായിരം രൂപ നല്‍കുമെന്ന് പ്രചരിപ്പിച്ച് തട്ടിപ്പ്. ഓഫറുകളുടെയും ഫ്രീ ഗിഫ്റ്റിന്‍റെയും പിന്നാലെ പോകുന്നവര്‍ ഇത്തരം ലിങ്കിൽ കണ്ണുമടച്ച് വിവരങ്ങളെല്ലാം നൽകുന്നതിനു മുൻപ് ഒന്നു സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജമാണെന്ന് മനസിലാക്കാമെന്ന് കേരള പൊലീസ് മുന്നറിപ്പ് നൽകി. നിരവധി അക്ഷരത്തെറ്റുകളുള്ള ചോദ്യങ്ങളാണ് വെബ് പേജിൽ കൊടുത്തിരിക്കുന്നത്.
ഇത്തവണ തട്ടിപ്പുകാർ അഞ്ച് ഗ്രൂപ്പുകളിലും 20 കൂട്ടുകാര്‍ക്കും ഈ ലിങ്ക് ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതിനാൽ മിക്കവരും അപ്പോൾത്തന്നെ ഫ്രണ്ട്സ് ലിസ്റ്റിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നു. മാൽവെയറുകളോ, അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്നവരോ ആകാം ഇത്തരം ലിങ്കുകൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ ഇത്തരം ലിങ്കുകൾ വേഗം ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലതെന്നും കൊച്ചി പൊലീസ് അറിച്ചു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. http://www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.