എന്നും ഒരേ ഭക്ഷണങ്ങള്‍ തന്നെ കഴിച്ചാല്‍ മടുപ്പുതോന്നുമെന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ വീട്ടിലുള്ള പച്ചക്കറികളും ചേരുവകളും ഉപയോഗിച്ചു തന്നെ അല്‍പ്പം വ്യത്യസ്തമായ ഭക്ഷണങ്ങള്‍ നമുക്ക് തയ്യാറാക്കാം.അത്തരം ഒരു വിഭവത്തെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. മുട്ട അവിയല്‍. പച്ചക്കറികളും മുട്ടയും ചേര്‍ത്ത് വളരെ വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കാവുന്ന ഒരു സൂപ്പര്‍ ഡിഷ് ആണിത്.
മുട്ട പുഴുങ്ങി നീളത്തില്‍ നാലായി മുറിച്ചത് – 8 എണ്ണം
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് – ½ കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – 4 എണ്ണം
മുരിങ്ങക്കായ് നീളത്തില്‍ അരിഞ്ഞ് രണ്ടായി കീറിയത് – 2 എണ്ണം
ഉരുളകിഴങ്ങ് നീളത്തില്‍ അരിഞ്ഞത് – 2 എണ്ണം
പച്ചമാങ്ങ നീളത്തില്‍ അരിഞ്ഞത് – ¼ കപ്പ്
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
മുളക്‌പൊടി – ½ ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിരകിയ തേങ്ങ, മുളകുപൊടി, മഞ്ഞള്‍പൊടി, ജീരകം, കറിവേപ്പില എന്നിവ അവിയലിനാവശ്യമായ രീതിയില്‍ ചതച്ചെടുക്കുക. ചെറിയ ഉള്ളി, ഉരുളകിഴങ്ങ്, പച്ചമുളക്, മുരിങ്ങക്ക എന്നിവ ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്തുവരുമ്പോള്‍ അരപ്പ് ചേര്‍ക്കാം. ഇത് ഒരു അഞ്ച് മിനുട്ട് കൂടി വേവിക്കുക. ഇതിന് ശേഷം പുഴുങ്ങിയ മുട്ട ഉടയാതെ ചേര്‍ത്ത് മുട്ടയ്ക്കു മുകളില്‍ കുറച്ച് കറിവേപ്പില ചേര്‍ത്ത് വേവിക്കുക. നല്ലപോലെ വറ്റി വരുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് എടുക്കാം. സ്വാദിഷ്ടമായ മുട്ട അവിയല്‍ തയ്യാര്‍.