കേരളം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന്‌ കഴിഞ്ഞ  കുറച്ച് ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സ്കൂൾ വിദ്യാഭ്യാസ കാലത്ത്ത ന്നെ എഴുത്തില്‍ സജീവമായിരുന്നു. കോളേജ് കാലത്ത് ജയകേരളം മാസികയിൽ എംടിയുടെ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ്‌ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങിയത്‌. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടിയുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി.

‘പാതിരാവും പകൽവെളിച്ചവും’ ആണ് ആദ്യ നോവലെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചത് ‘നാലുകെട്ട്‌’ ആണ്‌ (1954). അക്കാലത്തെ കേരളീയ നായർ സമുദായത്തെ അക്ഷരങ്ങളിലൂടെ അപ്പടി വരച്ചുവച്ച എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തതും ‘നാലുകെട്ട്’ ആണ്‌.

1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതിയാണ്‌ ചലച്ചിത്ര എം.ടി ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്‌. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്‌.

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1956ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്റർ ട്രെയിനി. കൃഷ്ണവാര്യരുടെ പിൻഗാമിയായി 1968ൽ മുഖ്യപത്രാധിപരായി. 1981നുശേഷം ചെറിയ ഇടവേള. പിന്നീട് 88ൽ മാതൃഭൂമി പിരിയോഡിക്കൽസിന്‍റെ എഡിറ്ററായി ശേഷം 99ലാണ് പിരിഞ്ഞത്.

1933 ജൂലൈ 15ന് കൂടല്ലൂരിലാണ് എം.ടിയുടെ ജനനം. അച്ഛൻ ടി നാരായണന്‍ നായര്‍, അമ്മ തെക്കേപ്പാട്ട് അമ്മാളുഅമ്മ. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് അദ്ദേഹം ബിരുദം പൂർത്തിയാക്കി. 23ാം വയസ്സിലാണ് എം ടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. മക്കള്‍ സിതാര, അശ്വതി.

മികച്ച തിരക്കഥയ്ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി (നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനുമായി 22 തവണ സംസ്ഥാന ചലച്ചിത്ര അവാർഡും നാലു ടി വി അവാർഡും നേടി. മലയാള സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു ഫിലിം ഫെയർ, സിനിമാ എക്സ്പ്രസ് അവാർഡുകളും ലഭിച്ചു.

മറ്റ്‌ അവാർഡുകൾ: കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്-1959, ഗോപുരനടയിൽ-’78, സ്വർഗം തുറക്കുന്ന സമയം-’81), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം-’70), വയലാർ അവാർഡ് (രണ്ടാമൂഴം-’84), മുട്ടത്തുവർക്കി അവാർഡ് (’94), ഓടക്കുഴൽ അവാർഡ് (’94), പത്മരാജൻ പുരസ്കാരം (’95, ’99), ജ്ഞാനപീഠ പുരസ്കാരം (’96), പ്രേംനസീർ അവാർഡ് (’96), കാലിക്കറ്റ്, എം.ജി. സർവകലാശാലകളുടെ ഡി.ലിറ്റ് ബഹുമതി (’96), എൻ.വി. സാഹിത്യ പുരസ്കാരം (2000), എം.കെ.കെ. നായർ പുരസ്കാരം (2000), ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം (2001), അക്കാഫ്-എയർ ഇന്ത്യ അവാർഡ് (2001).