ജനറൽ

അഭിനയ സാമ്രാജ്യങ്ങളുടെ അമരക്കാരൻ’ മലയാളത്തിൻ്റെ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

സമാനതകളില്ലാത്ത പ്രതിഭാ വൈഭവം കൊണ്ട് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ എന്നും അടയാളപ്പെടുന്ന ഒരു പേരാണ് മമ്മൂട്ടി. ഓരോ കഥാപാത്രങ്ങളിലൂടെ കടന്നു പോകുമ്പോഴും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി, സിനിമ സ്വപ്നം കാണുന്ന ഓരോ മനുഷ്യർക്കും തുറന്ന ഒരു പാഠപുസ്തകമാണ്. 1971 ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ മുതൽ 2023 ൽ പുറത്തിറങ്ങാനിരിക്കുന്ന കണ്ണൂർ സ്‌ക്വാഡ് വരേക്ക് നീണ്ടു നിൽക്കുന്ന മമ്മൂട്ടിയുടെ അഭിനയ ജീവിതം മലയാള സിനിമാ ലോകത്തിന്റെ സമ്പത്ത് തന്നെയാണ്.

പൊന്തൻ മാടയും, അമരവും, മതിലുകളും, സാമ്രാജ്യവും, മൃഗയയും കണ്ട മലയാളികൾക്ക് മമ്മൂട്ടിയേക്കാൾ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള മറ്റൊരാളെ സങ്കൽപ്പിക്കാൻ പ്രയാസമാണ്. അത്രത്തോളം കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു നടനാണ് അദ്ദേഹം. വെള്ളിത്തിരയിൽ മമ്മൂട്ടി കഥാപാത്രങ്ങൾ സൃഷ്‌ടിച്ച ഒരു ഓറയുണ്ട് അതിൽ നിന്ന് സിനിമാ പ്രേമികൾക്ക് ഇപ്പോഴും പുറത്തു കടക്കാൻ സാധിച്ചിട്ടില്ല. അച്ഛനായും മകനായും സഹോദരനായും മമ്മൂട്ടി കഥാപാത്രങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ അടയാളങ്ങളെ എപ്പോഴും സിനിമയിൽ നിലനിർത്തി

ഒരേ സമയം തന്നെ ആരാധകരെ ത്രസിപ്പിക്കുന്ന ഗ്യാങ്‌സ്റ്റർ സിനിമകൾ ചെയ്ത മമ്മൂട്ടി കാഴ്ച, കയ്യൊപ്പ്, ഉണ്ട, ബാബ സാഹേബ് അംബേദ്‌കർ, പേരന്പ് തുടങ്ങിയ കഥാപാത്ര പ്രാധാന്യമുള്ള നിരവധി സിനിമകളും ചെയ്‌തു. മെഗാസ്റാറായും മികച്ച നടനായും തുടരുക എന്ന വെല്ലുവിളി നിറഞ്ഞ സിനിമാ ജീവിതമാണ് മമ്മൂട്ടി എന്നും തെരഞ്ഞെടുത്തിരുന്നത്. അത്തരത്തിൽ തെരഞ്ഞെടുപ്പുകളിൽ എല്ലാക്കാലവും വിജയിച്ച ഒരു നടൻ കൂടിയാണ് അദ്ദേഹം. പരീക്ഷണ സിനിമകൾക്കും പുതുമുഖ സംവിധായകർക്കും സിനിമയിൽ ഇടം കൊടുക്കാൻ ഇപ്പോഴും ഇഷ്ടപ്പെടുന്ന മമ്മൂട്ടി ജീവിതത്തിൽ പുലർത്തുന്ന കൃത്യതയും മാതൃകയാക്കേണ്ടതാണ്.