ജനറൽ

ബുഡാപെസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി, നമുക്കും ജീവിക്കണമെന്ന് കമ്ന്‍റ് ബോക്സ്

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തന്‍റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോ‍ഴെല്ലാം സോഷ്യല്‍ മീഡിയ ദിവസങ്ങളോളം അത് ചര്‍ച്ചചെയ്യാറുണ്ട്. മലയാള സിനിമയില്‍  ഫാഷന്‍  സ്റ്റൈല്‍ എന്നിവയില്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്ന നടന്മാരില്‍  മുന്‍പന്തിയിലാണ് മമ്മൂട്ടിയുടെ സ്ഥാനം. ഫാഷൻ സെൻസില്‍ മമ്മൂട്ടിയോട് പിടിച്ചു നിൽക്കാൻ കഴിയുന്നവർ മലയാള സിനിമയിൽ  ചുരുക്കമാണ്.

വിദേശയാത്രകൾ ഒരുപാട് നടത്താറുള്ള താരം യാത്രയ്ക്കിടയിലെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തരം​ഗമാകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾ.

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നെടുത്ത താരത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ‘വൺസ് അപ്പോൺ എ ടൈം ഇൻ ബുഡാപെസ്റ്റ് ‘ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രൌണ്‍ നിറത്തിലുള്ള പാന്‍റും കറുത്ത ടീ ഷർട്ടും മഡ് ബ്രൌണ്‍ നിറത്തിലുള്ള ഓവര്‍ ഷര്‍ട്ടും കൂളിംഗ് ഗ്ലാസുമാണ് മമ്മൂട്ടിയുടെ വേഷം. നടനും മോഡലും ഫോട്ടോ​ഗ്രാഫറുമായ ഷാനി ഷാക്കിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‘ഏജന്‍റിന്‍റെ’ ഷൂട്ടിം​ഗിനിടയിൽ പകർത്തിയ ചിത്രങ്ങളാണിത്.

ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്തെത്തിയത്. ‘നമുക്കും ജീവിക്കണം’ ‘ന്‍റെ പൊന്നോ ഇങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ല അജ്ജാതി പൊളിപൊളപ്പന്‍, സിനിമാക്കാരനെ വീണ്ടും വീണ്ടും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന മലയാള സിനിമയുടെ എവര്‍ഗ്രീന്‍ സ്റ്റാര്‍, നിങ്ങള് നമ്മളെപ്പോലുള്ള ന്യൂജനറേഷന് ഒരിടവും തരില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് അല്ലേ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.