ജനറൽ

‘പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനുമൊപ്പം’… ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

മോഹന്‍ലാലിനും കമല്‍ഹാസനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനുമൊപ്പം’ എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി ചിത്രങ്ങള്‍ പങ്കുവെച്ചത്. കേരളീയം പരിപാടിയുടെ വേദിയില്‍ വെച്ചുള്ള ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി.

ലോക സാഹോദര്യത്തിന്റെ വലിയൊരു വികാരമായി കേരളീയം മാറട്ടെ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് കേരളീയം വേദിയില്‍ മമ്മൂട്ടി പറഞ്ഞു.
കേരളത്തിന്റെ പൈതൃക പ്രൗഡിയും ഭാഷയുടെ മഹത്വവും ലോകത്തിനും മനുഷ്യരാശിക്കും മുന്‍പില്‍ ഓര്‍മപ്പെടുത്താനായി സര്‍ക്കാര്‍ ആദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ വേദിയില്‍ തനിക്കും ഇടമുണ്ടായതില്‍ മുഖ്യമന്ത്രിയോടും ബന്ധപ്പെട്ടവരോടുമുള്ള നന്ദി രേഖപ്പെടുത്തുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും താന്‍ അഭിമാനിക്കുന്നെന്നും കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിക്ക് എല്ലാ മംഗളാശംസകളും നേരുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.