ജനറൽ

സാമന്തയ്‍ക്ക് എതിരെ നടക്കുന്നത് വ്യാജ പ്രചരണം, പ്രതികരിച്ച് മാനേജര്‍

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സാമന്ത. നാഗ ചൈതന്യയുമായുള്ള വിവാഹ മോചന ശേഷം സാമന്ത സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ, സാമന്തയ്ക്ക് ത്വക്ക് രോഗമാണെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചു. ഇത് ശരിയല്ലെന്ന് വ്യക്തമാക്കി സാമന്തയുടെ മാനേജര്‍ രംഗത്ത് എത്തിയതായി ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.കുറെക്കാലമായി സാമന്ത ത്വക്ക് സംബന്ധമായ രോഗ ബാധിതയാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ചില ആള്‍ക്കാര്‍ സാമന്തയ്‍ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നായിരുന്നു സാമന്തയുടെ മാനേജറുടെ പ്രതികരണം. സാമന്തയ്‍ക്ക് ഒരു പ്രശ്‍നവുമില്ല. സാമന്ത ആരോഗ്യവതിയാണെന്നും വൈകാതെ തന്നെ സിനിമാ ഷൂട്ടിംഗില്‍ പങ്കെടുക്കുമെന്നും മാനേജര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ദിനേഷ് വിജൻ നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സാമന്ത  നായികയാകുന്നുവെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.  സാമന്ത ഇരട്ട വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നും കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബോളിവുഡിലെ ആദ്യ ചിത്രത്തിന് വേണ്ടി സാമന്ത ഒരു ശില്‍പശാലയില്‍ (workshop) പങ്കെടുക്കുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു. ഒരു ഇംഗ്ലീഷ് വെബ്‍സീരിസിന്റെ ഹിന്ദി വേര്‍ഷനിലും സാമന്ത അഭിനയിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 'സിറ്റാഡെല്‍' എന്ന സീരീസിന്റ ഹിന്ദി വേര്‍ഷനിലാണ് സാമന്ത അഭിനയിക്കുക. വരുണ്‍ ധവാനായിരിക്കും നായകൻ.

വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയ്‍ക്കുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത 'ഖുഷി'  എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. 'ഖുഷി' എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.സാമന്ത നായികയായി ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’വും റിലീസ് ചെയ്യാനുണ്ട്. സിനിമയിൽ ടൈറ്റിൽ റോളിലാണ് സമാന്ത എത്തുന്നത്.   മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.  കാളിദാസന്റെ ശാകുന്തളത്തെ ആസ്‍പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക