മുംബൈ: രാജ്യത്ത് രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനത്തിന് ഒരു മാസത്തിന് ശേഷം രണ്ടായിരം രൂപ നോട്ടുകൾ വൻതോതിൽ തിരിച്ചെത്തുന്നതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. മേയ് 19ന് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിക്കുമ്പോൾ 3.62 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള രണ്ടായിരം രൂപയുടെ കറൻസികൾ വിപണിയിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 2.41 ലക്ഷം കോടി രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകൾ തിരിച്ചെത്തിയതായി ആർ.ബി.ഐ ഗവർണർ പറഞ്ഞു.
2023 സെപ്റ്റംബര്‍ 30-നകം നോട്ട് മാറ്റി വാങ്ങാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ആകെയുള്ള 2000 നോട്ടുകളിൽ 85 ശതമാനവും നിക്ഷേപമായിരുന്നു. നോട്ട് പിൻവലിക്കൽ പണസ്ഥിരതയെ ബാധിക്കില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
നോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള 2,000 മൂല്യമുള്ള നോട്ടുകൾ നിയമപരമായി തുടരും. സെപ്റ്റംബർ 30ന് ശേഷം ഈ നോട്ടുകളുടെ നിയമപരമായ പദവി റദ്ദാക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമോ എന്ന് ഉറപ്പില്ലെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു. 2,000 ബാങ്ക് നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയത്. കണക്കാക്കിയ ആയുസ്സായ നാലഞ്ചു വർഷം കഴിയുന്നതിനാൽ പിൻവലിക്കുന്നെന്നായിരുന്നു സർക്കാർ വിശദീകരണം.