വേറിട്ട രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപി എത്തുന്ന ചിത്രമാണ് 'മേ ഹും മൂസ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ച വിവരമാണ് പുറത്തുവരുന്നത്.
കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സൈജു കുറുപ്പും സുരേഷ് ഗോപിയുമാണ് പോസ്റ്ററിൽ ഉള്ളത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.
മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് അവതരിപ്പിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
അതേസമയം, ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് മികച്ചൊരു സിനിമയെയാണ് സമ്മാനിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 ന് ചിത്രം സീ 5ല്‍ പ്രീമിയർ ആരംഭിച്ചിരുന്നു.