ന്യൂഡൽഹി;മീഡിയ വൺ ചാനലിനെതിരെ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ ഹാജരാക്കിയ രേഖകളിലെ അവ്യക്തത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. സംപ്രേഷണ വിലക്കിനെതിരെ ചാനൽ സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് അവ്യക്തത ചൂണിക്കാണിച്ചത്. കേസ് വിധി പറയാൻ കോടതി മാറ്റി.
ഫയലിലെ 807 -,808, 839, -840 പേജുകൾ വായിക്കാൻ കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ നടരാജിനോട് കോടതി ആവശ്യപ്പെട്ടു. രേഖകളിലെ അവ്യക്തതയെക്കുറിച്ച് കേരള ഹൈക്കോടതി വിധിയിൽ സൂചിപ്പിച്ചതും ഓർമിപ്പിച്ചു. ഉള്ളടക്കത്തെ കുറിച്ച് പറയാൻ കഴിയില്ലെന്ന് എഎസ്ജി അറിയിച്ചു. ഇതോടെ ഫയൽ വാങ്ങി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമാ കോഹ്‌ലിയും പരിശോധിച്ചു. സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ 2019ൽ ഡൗൺലിങ്കിങ് ലൈസൻസ് പുതുക്കി നൽകിയത് എന്തിനെന്നും കോടതി ചോദിച്ചു. ചാനലിനുവേണ്ടി ദുഷ്യന്ത് ദവെ, എഡിറ്റർ പ്രമോദ് രാമന് വേണ്ടി ഹുസേഫാ അഹ്മദി, കേരള പത്രപ്രവർത്തക യൂണിയനുവേണ്ടി മുകുൾ രോഹ്തഗി എന്നിവർ ഹാജരായി.