ഈരാറ്റുപേട്ട. മൂലമറ്റത്ത് വൈദ്യുതോത്പാദനത്തിന് ശേഷം വരുന്ന അധികജലം മീനച്ചിലാറിൽ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള മീനച്ചിൽ നദീതട പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിന് കേന്ദ്ര ഏജൻസിയായ വാപ്കോസുമായി ജലസേചന വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ജലസേചന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് സംസ്ഥാനത്തിന് വേണ്ടി ഒപ്പുവച്ചത്.
ഡിപിആർ ലഭിച്ചാൽ ഉടൻ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി റോഷി അറിയിച്ചു. നേരത്തേ പദ്ധതിയുടെ പഠന റിപ്പോർട്ട് മന്ത്രി റോഷി അഗസ്റ്റിന് വാപ്കോസ് പ്രതിനിധി അമിതാഭ് ത്രിപാഠി കൈമാറിയിരുന്നു.
മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിനുശേഷം അധികമുള്ള ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു.
കുടിവെള്ളത്തിനു പുറമേ മീനച്ചിൽ കോട്ടയം ചങ്ങനാശേരി താലൂക്കുകളിൽ കൃഷിക്കായുള്ള ജലസേചനവും പദ്ധതി ലക്ഷ്യമിടുന്നു. മീനച്ചിലാറിൽ വർഷം മുഴുവൻ ജലസമൃദ്ധമാകുന്നതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയും. താഴ്ന്ന മേഖലയിൽ വേനൽ കാലത്ത് ഓരു വെള്ളം കയറുന്നതു തടയാനും പദ്ധതി ഉപകരിക്കും.
അറക്കുളം മൂന്നുങ്കവയലിൽ ചെക്‌ഡാം പണിത് ഇവിടെനിന്നു 500 മീറ്റർ കനാൽ നിർമിച്ച് അതിലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്റർ ടണൽ നിർമിച്ച് അതിലൂടെ കോട്ടയം ജില്ലയിൽ മൂന്നിലവ് പഞ്ചായത്തിൽ എത്തിക്കും. ഇവിടെനിന്നു 200 മീറ്റർ ചാലു കീറി വെള്ളം കടപുഴയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.മുൻ മന്ത്രി കെ.എം. മാണി വിഭാവനം ചെയ്ത സ്വന പദ്ധതിയാണിത്.