1942 ജനുവരി എഴിന് മുട്ടം ഇലപ്പള്ളിയിൽ കുന്നുംപുറത്ത് കെ.എസ്. ജോസഫിന്റെയും റേച്ചൽ ജോസഫിന്റെയും ഒൻപത് മക്കളിൽ ഏറ്റവും മൂത്ത മകനായാണ് കെ.ജെ. സാമുവൽ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഇലപ്പളളി ഗവ. എൽ.പി.എസിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം എരുമാപ്രമറ്റം എം.ഡി.സി.എം.എസ്. സ്‌കൂളിലുമായിരുന്നു. വടക്കേ ഇന്ത്യയിലെ യൂത്ത് മോൾ തിയോളജിക്കൽ സെമിനാരിയിരുന്നു വൈദിക പഠനം. 1968 ൽ അയ്യപ്പൻ കോവിൽ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ. ചർച്ചിൽ വൈദിക ജീവിതം ആരംഭിച്ചു. 1969 ജനുവരി ഒൻപതിന് മേലുകാവുമറ്റം താന്നിക്കൽ ടി.എച്ച്. ഇത്താക്കിന്റെയും ശോശാമ്മയുടെയും മകൾ സൂസമ്മയെ കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രൽ പള്ളിയിൽ വെച്ച് വിവാഹം ചെയ്തു. വിവാഹശേഷം 1971-79 കാലയളവിൽ തെലുങ്കാന സംസ്ഥാനത്തുള്ള ജംഘേത് എന്ന സ്ഥലത്തേക്ക് മിഷൻ പ്രവർത്തനത്തിനായി പുറപ്പെട്ടു. പിന്നീട് 1979 ൽ മേലുകാവ് ക്രൈസ്റ്റ് ചർച്ച് ഇടവകയുടെ ചുമതലേറ്റു.
പ്രദേശത്തിനും ഈസ്റ്റ് കേരളമഹായുടെ രൂപീകരണത്തിനും ശക്തിപകരുന്നതായിരുന്നു ബിഷപ്പിന്റെ പ്രവർത്തനങ്ങൾ. ക്രൈസ്റ്റ് ചർച്ച് ക്രൈസ്റ്റ് കത്തീഡ്രൽ ആയി ഉയർത്തപ്പെട്ടത് ഈ കാലത്താണ്. 1990 ൽ ഈസ്റ്റ് കേരള മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പായി അഭിഷിക്തനായി. 1996 ദക്ഷിണേന്ത്യ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 1998 ൽ ദക്ഷിണേന്ത്യ സഭയുടെ മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 2000 ൽ മേലുകാവിൽ നടന്ന സമ്മേളനത്തിൽ രണ്ടാമതും മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 17 വർഷക്കാലം ഈസ്റ്റ് മഹായിടവകയുടെ ബിഷപ്പായി സേവനം ചെയ്തു. മോഡറേറ്ററായിരുന്നപ്പോൾ തന്റെ അറുപതാം വയസ്സിൽ സഭ 60 വീടുകൾ നിർമിച്ചു നൽകി. സാധാരണക്കാരുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക ഉന്നമനത്തിനുവേണ്ടിയും ജർമ്മനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടുകൂടി വേൾഡ് വിഷൻ, കമ്പാഷൻ ഇൻറർനാഷണൽ, പ്രോക്ക് എന്നീ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം ആരംഭിച്ചു. 1992-95 വരെ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഓക്‌സിലറി പ്രസിഡന്റായും പ്രവർത്തിച്ചു. 2000-2006 കാലയളവിൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായും പ്രവർത്തിച്ചു. മക്കൾ: സാം.കെ. ജോസഫ് (എക്‌സിക്യൂട്ടീവ് എൻജിനീയർ കെഎസ്ഇബി മൂലമറ്റം), ഡോ. റേച്ചൽ സാമുവൽ (താലൂക്ക് ആശുപത്രി വൈക്കം), ഐസക് സാമുവൽ (ജലസേചരന വകുപ്പ്് തിരുവനന്തപുരം). മരുമക്കൾ: ആനി സാം, ഡോ. സാം ക്രിസ്റ്റി മാമൻ (മെഡിക്കൽ കോളേജ് കോട്ടയം)