പാലാ.വിശുദ്ധ യൗസേപ്പ് പിതാവിന്റെ ജന്മദിനമായ മെയ് ഒന്നാം തീയതി, ലോക തൊഴിലാളി ദിനത്തിൽ പാലായിലെ ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സന്മനസ്സ് കൂട്ടായ്മ പാലാ നാഗരസഭയിൽ നിന്നും വിരമിച്ച ബിജോയി ജോസഫ് മണർകാടിനു സമുചിതമായ യാത്രായപ്പും അനുമോദനവും നൽകി.
സമ്മേളനം സന്മനസ്സ് പാലാ ഓഫീസിൽ വച്ച് രാവിലെ കൂട്ടായ്മ പ്രസിഡന്റ് സന്മനസ്സ് ജോർജ് ഉദ്ഘാടനം ചെയ്ത് പൊന്നാട അണിയിച്ചു. സാധുക്കളോടുള്ള അനുകമ്പയും പൊതു ജന സേവന താൽപരതയും ബിജോയിയുടെ മുഖമുദ്രകൾ ആയിരുന്നു എന്നും തന്റെ ഏതാനും അനുഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട് ജോർജ് അറിയിച്ചു.
നഗരസഭയുടെ ആമുഖവും പര്യായവും ആയിരുന്ന ബിജോയ് മണർകാടിന്റെ വിരമിക്കൽ നഗരസഭയ്ക്കും പാലാ നഗരസഭ പ്രദേശ നിവാസികൾക്കും വലിയ ഒരു നഷ്ടം തന്നെയായിരിക്കും എന്ന് ജോജോ ചക്കാമ്പുഴ, വിനോദ് കുന്നപ്പിള്ളി, മാഗി മഞ്ഞാമറ്റം. എന്നിവർ ആശംസാ പ്രസംഗത്തിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സന്മനസ് കൂട്ടായ്മ പോലുള്ള സംഘടനകളുമായി ഒത്തുചേർന്നു തുടർന്നുള്ള കാലം പ്രവർത്തിക്കുമെന്നും മറുപടി പ്രസംഗത്തിൽ ബിജോയ് അറിയിച്ചു.