കേരളം

പാലായിലെ മുസ്ലിം കച്ചവടക്കാർ - അധ്യാപകനായ ക്രിസ്ത്യൻ യുവാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

പാലായിലും പരിസര പ്രദേശങ്ങളിലും 
ക്രിസ്ത്യൻ - മുസ്ലിം ഭിന്നിപ്പുണ്ടാക്കാൻ ബോധപൂർവം ചിലയാളുകൾ ശ്രമിക്കുമ്പോൾ അത്തരക്കാരെ തുറന്നു കാണിച്ച് പാലാ സ്വദേശിയായ ക്രിസ്ത്യൻ യുവാവ് പ്രിൻസ് ജോസഫ് സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. പോസ്റ്റിനു താഴെ പ്രിൻസിൻ്റെ വാദത്തെ അംഗീകരിച്ച് നൂറുകണക്കിനാളുകളാണ് കമൻ്റുകളുമായെത്തിയത്.  പ്രിൻസ് ജോസഫിൻ്റെ കുറിപ്പിൻ്റെ പൂർണ രൂപമിതാ

" ഈ പോസ്റ്റ് മുൻപ് എഴുതിയ പോസ്റ്റിന്റെ തുടർച്ചയാണ്.പാലായിലെ ക്രിസ്ത്യാനികളെ അടയാളപ്പെടുത്തുകയാണ് ഈ പോസ്റ്റ് ചെയ്യുന്നത് .ഈ പോസ്റ്റ് വായിക്കുമ്പോൾ കാസാ തീവ്രവാദികൾക്ക് ഉൾക്കൊള്ളണമെന്നില്ല. കാരണം മുസ്ലിം ക്രൈസ്തവ ഐക്യം അവർക്ക് തീരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. മുസ്ലിം ക്രിസ്ത്യൻ വിദ്വേഷം പടർത്തി നേട്ടമുണ്ടാക്കാനാണ് അവര് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പാലായിൽ നടന്ന ബിഷപ്പിന്റെ വർഗീയ വിദ്വേഷത്തിനുശേഷം മുസ്ലിം ക്രിസ്ത്യൻ ഐക്യം തകർന്നു എന്ന ഒരു ധ്വനി പൊതുവെ ഉണ്ട് . അത് തിരുത്താനാണ് ഈ പോസ്റ്റ് ഞാൻ എഴുതുന്നത് .

കുറേ ഭാഗങ്ങളിൽ വർഗീയ മനസ്സുള്ളവരിൽ അത് ഏറ്റുവെങ്കിലും .  പൊതു ക്രൈസ്തവ മനസ്സ് ഐക്യത്തിനും സ്നേഹത്തിനും ഒപ്പമാണ് എന്നാണ് വസ്തുത.

വീണ്ടും നിങ്ങളുടെ ശ്രദ്ധ പാലായിലെ അടുത്ത പ്രദേശമായ മരങ്ങാട്ട് പള്ളിയിലേക്ക് വരാം. 

രാവിലെ ആറുമണിയോടുകൂടി ഈരാറ്റുപേട്ട ,ഏറ്റുമാനൂർ , സംക്രാന്തി , കോട്ടയം, അടിച്ചിറ , കുമ്മനം  എന്നീ സ്ഥലങ്ങളിൽ നിന്നും നിരവധി മുസ്ലീങ്ങളാണ് മരങ്ങാട്ടുപള്ളി എന്ന ആ കൊച്ചു ഗ്രാമത്തിൽ എത്തിച്ചേരുന്നത്. 

മഞ്ചരക്ക് ഉൽപ്പന്നങ്ങൾ കളക്ട് ചെയ്യാനും തടിയെടുക്കാനും മറ്റു പല ആവശ്യങ്ങളായി കഴിഞ്ഞ 35 വർഷമായി സ്ഥിരമായി കച്ചവടം ചെയ്യുന്ന മുസ്ലീങ്ങളുണ്ട് . രാവിലെ  എത്തിയാൽ വൈകുന്നേരമാണ് അവർ തിരിച്ചു പോകുന്നത് . അതുകൊണ്ട് തന്നെ അവിടെ കടകളിൽ നല്ല കച്ചവടമുണ്ട് . 

അവരുടെ വീട്ടിലേക്കുള്ള നാടൻ പുളി , പഴം , എന്നു വേണ്ട എല്ലാ സാധനങ്ങളും ബൾക്ക് ആയി അവിടുന്ന് വാങ്ങി കൊണ്ട് പോകും .

അവരിലെ കച്ചവടത്തിലെ സത്യസന്ധതയും, പരസ്പര വിശ്വാസവും ആണ്  ഇത്രയും നാളും അവരുമായിട്ട് മുന്നോട്ടു പോകുന്നതിന്റെ രഹസ്യം. 

ഈ പ്രദേശങ്ങളിൽ വരുന്ന മുസ്ലിങ്ങൾക്കല്ലാതെ അവിടെയുള്ള ക്രിസ്ത്യാനികൾ വേറെ ആർക്കും തങ്ങളുടെ ഉൽപ്പന്നം  വിൽക്കുകയില്ല എന്നതും  ഒരു യാഥാർത്ഥ്യമാണ്. 

ഒരു 10 വർഷം മുൻപ് പാലായിലെ ഒരു റബ്ബർ ഹോൾ സെയിൽ വ്യാപാരി പള്ളിയിൽ ചെന്ന് അച്ഛനോട് പരാതി പറഞ്ഞു. മരങ്ങാട്ടു പള്ളിയിലെ തന്നെ ഒരു റബർ കച്ചവടക്കാരൻ എനിക്ക് റബർ നൽകുന്നില്ല എന്നായിരുന്നു ആ  പരാതി. അച്ഛൻ ആ കടയുടെ ഉടമയെ വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. അന്ന് ആ കടയുടെ ഉടമ പറഞ്ഞത് "ഈരാറ്റുപേട്ടയിലെ ഒരു സുഹൃത്തിനാണ് ഞാൻ എൻറെ ചരക്ക് വിൽക്കുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി അത് തുടർന്നുപോകുന്നു എൻറെ അപ്പനും അവർക്ക് തന്നെയായിരുന്നു ചരക്ക് കൊടുത്തിരുന്നു. പണത്തിന് ആവശ്യം വന്നാൽ ചരക്ക് എടുക്കുന്നതിന് മുന്നേ അവർ ക്യാഷ് തരും . അതുകൊണ്ട് ആ ബന്ധം തുടരും .......

ഇനിയും അങ്ങനെ തന്നെയുള്ളൂ സംഭവിക്കുകയുള്ളു . 15 വർഷം മുൻപ് എന്റെ അപ്പൻ മരിക്കുന്നതിനു തൊട്ട് മുൻപ് ആശുപത്രി കേസുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ വളരെ അത്യാവശ്യമായി വന്ന സമയത്ത് ഈ പാലായിലെ പലരോടും പൈസ ചോദിച്ചിട്ടും ഒരാൾ പോലും പണം തന്ന് സഹായിച്ചില്ല. എന്റെ അക്കൗണ്ടിൽ പണമുണ്ട് പക്ഷേ ഇത്രയും രൂപാ കൈയ്യിൽ എടുക്കാൻ ഇല്ല . 

പാലായിലെ കുടുംബാംഗമായ ഒരാളെ വിളിച്ചപ്പോൾ ആ നട്ട പാതിരായ്ക്ക് അവന് എഗ്രിമെന്റ് എഴുതണം .അപ്പൻ മരിച്ചാലും കുഴപ്പമില്ല എന്ന് തീരുമാനിച്ചു . നമ്മുടെ സഭ തന്നെ നടത്തുന്ന ആശുപത്രിയാണങ്കിലും പണം കെട്ടിവെച്ചില്ലങ്കിൽ അവരും സമ്മതിക്കില്ല . 

ആരും സഹായിച്ചില്ല ആ സന്ദർഭത്തിൽ ഈരാറ്റുപേട്ടയിലെ എന്റെ റബ്ബർ എടുക്കുന്ന സുഹൃത്തിനെ വിളിച്ചു . സമയം രാത്രി 10 മണിയായി . കാര്യം പറഞ്ഞു ഗ്യാരണ്ടിയായി ഗോഡൗണിൽ കിടക്കുന്ന റബ്ബർ വണ്ടിയുമായി വന്ന് കൊണ്ടുപോകാം . അപ്പോൾ മറുപടി വന്നത് "അള്ളാഹുവേ അങ്ങനെയൊന്നും പറയരുത് നിങ്ങളെ എനിക്ക് വിശ്വാസമാണ് നിങ്ങളുടെ അച്ഛൻ എനിക്ക് എന്റെ വാപ്പയേ പോലെയാണ് ഒരു മണിക്കൂറിനുള്ളിൽ ഞാൻ പണം എത്തിക്കാം " ഞാൻ പറഞ്ഞു ഞാൻ വീട്ടിലേക്ക് വരാം പക്ഷേ ആ മുസ്ലിം സുഹൃത്ത് സമ്മതിച്ചില്ല ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് ഹോസ്പിറ്റലിൽ 2 ലക്ഷം രൂപാ കയ്യിൽ കൊണ്ടേ തന്നു. ഹോസ്പിറ്റലിൽ 2 മണിക്കൂറോളം ചിലവഴിച്ച് എന്ത് ആവശ്യമുണ്ടങ്കിലും വിളിച്ചാൽ മതി എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം പോയത് .

ഒരു വർഷം കഴിഞ്ഞ് അപ്പൻ മരിച്ചു. മരിക്കുന്നതിന് മുന്നേ അപ്പൻ പറഞ്ഞത് പേട്ടക്കാരനല്ലാതെ വേറൊരാൾക്കും സാധനം കൊടുക്കരുത് എന്നാണ് . പലപ്പോഴും പെരുന്നാളിന് പത്തിരിയും ഇറച്ചിയും കടയിൽ കൊണ്ട് തന്നിട്ടുണ്ട് , അങ്ങോട്ടും ഇങ്ങോട്ടും വീടുകളിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട് . അവർ പാലായ്ക് വരുമ്പോൾ അവർക്ക് വേണ്ടി ഹലാൽ ഇറച്ചി ഞാൻ ഏറ്റുമാനൂർ ചെന്ന് വാങ്ങും . എന്റെ കടക്ക് ഉള്ളിലെ റൂമിലാണ് ആ പേട്ടക്കാരൻ ഇന്നും നിസ്ക്കരിക്കുന്നത് അതിന് ഞാൻ സഹായം ചെയ്ത് കൊടുക്കാറുണ്ട്. അതിൽ എനിക്ക് സന്തോഷമേ ഉള്ളു.

ശേഷം ഞാൻ അച്ഛനോട് ചോദിച്ചു ഇതാണ് ഞാനും അവരുമായി ബന്ധം ഞാൻ ആർക്ക് എന്റെ ചരക്ക് കൊടുക്കണം ?. 

അച്ഛൻ പറഞ്ഞു കച്ചവടത്തിൽ നീ നിന്റെ ചരക്ക് കൊടുക്കേണ്ടത് നിനക്ക് ഇഷ്ടമുളളവർക്ക് കൊടുക്കാം . എതിർ കക്ഷിയോട് അച്ഛൻ പറഞ്ഞ് മേലാൽ ഇതുപോലെ ചളി യുമായി എന്റെ മുന്നിൽ വന്നു പോകരുത് എന്ന് .

ഏറ്റുമാനൂരിലെ ഒരു ഇക്ക കഴിഞ്ഞ 30 വർഷമായി മരങ്ങാട്ടു പള്ളിയിലെ "പൗരനാണ് " . ഇന്നും അദ്ദേഹം പ്രാർത്ഥനക്ക് സമയം കണ്ടെത്തുന്നത്  മരങ്ങാട്ടു പള്ളിയിലെ ഏതെങ്കിലും വീടുകളിലാണ് ....

ഇത് ഒരു വൺസൈഡല്ല തിരിച്ചും അവിടേക്കും ക്രിസ്ത്യാനികൾ ചെല്ലാറുണ്ട് കച്ചവടം ചെയ്യാറുണ്ട് . ഇതൊക്കെയാണ് മനുഷ്യ ചരിത്രം . അല്ലാതെ സ്വന്തമായി ആരുടെയും സഹായമില്ലാതെ ആർക്കും പരസ്പരം നീങ്ങാൻ കഴിയുകയില്ല . 

ക്രിസ്ത്യാനിക്ക് കൂട്ടായി , ക്രിസ്ത്യാനി മതി , മുസ്ലിമിന് കൂട്ടായി മുസ്ലിം മതി എന്ന് ചിന്തിക്കുന്നവൻ പൊട്ട കിണറ്റിലെ തവള മാത്രമാണ് . കാസ തവളയുടെ സ്വഭാവമാണ് കാണിക്കുന്നത് .

പാലായിൽ മുൻസിപ്പൽ കെട്ടിടത്തിനോട് ചേർന്ന് ഇടപ്പറമ്പിൽ സിൽക്ക് ഹൗസ് എന്ന തുണി കടയുണ്ട് മുസ്ലിംങ്ങളുടെ പെരുന്നാൾ ഒക്കെ വന്നു കഴിഞ്ഞാൽ മുസ്ലീങ്ങൾ ആയിട്ടുള്ള ആൾക്കാരെ കൊണ്ട് ആ കട നിറഞ്ഞിട്ടുണ്ടാവും . താമാശക്ക് നാട്ടിലെ പ്രായമായുള്ളവർ പറയും
 " പെരുന്നാൾ അടുത്തു പേട്ടയിലെയും ഏറ്റുമാനുരിലെയും തുലിക്കൻമാരെ (ഈ വാക്കിനർത്ഥം എനിക്കറിയില്ല ) കൊണ്ട് കടയിൽ സൂചി കുത്താൻ സ്ഥലമില്ല എന്ന് "

പാലായിൽ ഒരു മുസ്ലിം പള്ളി കുറെ 
വർഷങ്ങൾക്ക് മുൻപ് പണിതു . അന്ന് ചില വർഗീയവാദികൾ ബഹളവുമായി രംഗത്ത് വന്നപ്പോൾ മുസ്ലിംങ്ങളെ സപ്പോർട്ട് ചെയ്തത് ഹിന്ദുക്കളായ പാലാക്കാരാണ് അതിൽ RSS ഉം ഉണ്ടായിരുന്നു .

ഈ കഴിഞ്ഞ ദിവസം പാലായിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ സാനിറ്ററി സ്ഥാപനം തുടങ്ങി അത് ഒരു മുസ്ലിമിന്റെതായിരുന്നു . ഇവിടെ നിന്ന് സാധനങൾ വാങ്ങരുത് എന്ന് പറഞ്ഞ് വാട്ട്സാപ് യൂണിവേഴ്സിറ്റി വഴി പ്രചരണം നടന്നു . പാലായിൽ കട തുടങ്ങരുത് എന്ന് പറഞ് കട ഉടമയുടെ അടുത്ത് പലരും ചെന്ന് പറഞ്ഞു.

ഉദ്ഘാടന ദിവസം കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് അന്ന് നടന്നത് .

അജ്മി , കെ കെ പുട്ട് പൊടി ബഹിഷ്കരണം പാലായിൽ ഏറ്റോ ? എവിടെ ഏൽക്കാൻ പാലാ ടൗണിൽ ഏത് ഹോൾ സെയിൽ കടകളിലും ആ പ്രൊഡക്റ്റ് ഉണ്ട് . എന്റെ മുൻ പോസ്റ്റുകളിൽ കടയുടെ  പേര് ഞാൻ മെൻഷൻ ചെയ്തിട്ടുണ്ട്.അതുകൊണ്ട് മാത്രം ഈ അവസരത്തിൽ ആ കടയുടെ പേര് ഞാൻ പറയുന്നില്ല.

ഞാൻ പറഞ് വരുന്നത് ഒരു കൂലിയും വേലയും ഇല്ലാത്തവരാണ് വർഗീയ വാദവുമായി രംഗത്തുവരുന്നത് അവർക്ക് വേറെ ഒരു പണിയും അറിയില്ല .24 മണിക്കൂറും ഫേസ്ബുക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് അവക്കുളള ഇടം .

നമുക്ക് ലോകത്തോട് പറയാനുള്ളത് സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്തോഷത്തിന്റെയും ദിവസങ്ങളെ കുറിച്ചാണ് . ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അവരുടെ ആദർശങ്ങളിൽ നിന്നുകൊണ്ടുതന്നെ വ്യത്യസ്തമായ ചിന്താരീതികളും വളർത്തിക്കൊണ്ടുതന്നെ സന്തോഷത്തോടും സൗഹൃദത്തോടും ജീവിക്കുക അതാണ് ഇന്ത്യൻ മണ്ണ് . അതിനെ വർഗീയവാദികളുടെ കയ്യിലേക്ക് ഇട്ടുകൊടുത്ത നാടിനെ  നശിപ്പിക്കരുത് നാശമാക്കരുത്. 

അങ്ങനെ ചെയ്താൽ അത് എല്ലാവർക്കും നാശമാണ് അത് മുസ്ലിമിനെയോ ഹിന്ദുവിനെയോ ക്രിസ്ത്യാനിയോ മാത്രം ബാധിക്കുന്നതല്ല ഇന്ത്യയിൽ വർഗീയത വളർന്നാൽ അത് എല്ലാവരെയും ബാധിക്കും എന്ന് അറിഞ്ഞിരിക്കുക.

വർഗീയതയെ വർഗീയ കൊണ്ട് നേരിടരുത് , തീവ്രവാദത്തെ തീവ്രവാദം കൊണ്ട് നേരിടരുത് .....

.