കേരളം

വാഹനം മറ്റൊരാൾക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി.

വാഹനം മറ്റൊരാൾക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി. ചിലപ്പോൾ അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും ആകാം വാഹനം നല്‍കുന്നത്. ഒരു പേപ്പറിലോ മറ്റെന്തെങ്കിലും ഫോർമാറ്റിലോ ഒപ്പിട്ടു വാങ്ങിയാല്‍ എല്ലാം ശരിയായി എന്ന് കരുതരുതെന്ന് എംവിഡി നിര്‍ദേശിച്ചു. പലരും ഉടമസ്ഥവകാശം മാറുന്നതിന് വേണ്ടത്ര പ്രാധാന്യം നല്‍കുകയിരുന്നില്ല. ഇത്തരത്തിൽ വാഹനം നൽകിയിട്ടുള്ള ധാരാളം പേരാണ് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ എത്തുന്നത്.  

ഒരു വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ 14 ദിവസത്തിനുള്ളിൽ  വാഹനത്തിന്‍റെ ആർ സി ബുക്കിലെ ഉടമസ്ഥവകാശം മാറ്റുന്നതിന് വേണ്ട അപേക്ഷ തയാറാക്കി ആര്‍ടി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി വന്ന് ട്രാൻസ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് പേയ്മെന്‍റ് സക്സസ് ആയാല്‍ വാഹനത്തിന്‍റെ ഉത്തരവാദിത്തം അന്നു മുതൽ വാഹനം വാങ്ങുന്ന വ്യക്തിക്കാണ്. വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കുടിശ്ശിക ഉണ്ടോ എന്ന് വാഹനം വാങ്ങുന്ന വ്യക്തി ഉറപ്പുവരുത്തേണ്ടതാണ്.വാഹന സംബന്ധമായ ഏത് കേസിലും ഒന്നാംപ്രതി ആർ സി ഓണർ ആയതിനാൽ ഇനി മുതൽ വാഹനം കൈമാറുമ്പോൾ എന്ത് മോഹന വാഗ്ദാനം നൽകിയാലും ആരും വീണു പോകരുതെന്നും എംവിഡി മുന്നറിയിപ്പ് നൽകി.